തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കർണ്ണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി.എക്സിറ്റ് പോളുകളിലെ സംഖ്യകൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ലെന്ന് ഇരു രാഷ്ട്രീയ പാർട്ടികളും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും എക്സിറ്റ് പോളുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് വിലയിരുത്തൽ.
ചടുലമായ രാഷ്ട്രീയനീക്കങ്ങളാണ് പാർട്ടിനേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്നത്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, മല്ലികാർജ്ജുൻ ഖാർഗെ, ഡി.കെ ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചർച്ചകളും രഹസ്യയോഗങ്ങളും നടക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും, എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാതെ വരികയും ചെയ്താൽ അടുത്ത നീക്കം എന്തെന്ന സസൂക്ഷ്മമായ ചർച്ചകളാണ് പാർട്ടിക്യാമ്പുകളെ സജീവമാക്കുന്നത്.
എക്സിറ്റ് പോളുകളുടെ വിലയിരുത്തലുകൾ ശരിയാണെങ്കിൽ സീറ്റുനിലകളിൽ ബിജെപിയും കോൺഗ്രസും ഏറ്റവും വലിയ ഒറ്റ കക്ഷിയായി, കേവലം ഭൂരിപക്ഷം കിട്ടാതെ വന്നാലുള്ള സാഹചര്യത്തിൽ നിർണ്ണായക കക്ഷിയാവുന്നത് ജെഡിഎസ് ആയിരിക്കും. നിലവിൽ ബിജെപിയ്ക്കോ കോൺഗ്രസിനോ ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇരുപാർട്ടികൾക്കും പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യത കൊട്ടിയടച്ചിട്ടുമില്ല. കേവല ഭൂരിപക്ഷം കിട്ടാതെ വന്നാൽ അധികാരത്തിലേറുന്ന പാർട്ടി ആരായാലും തൂണായോ, തൂങ്ങിക്കിടന്നോ ജെഡിഎസ് കൂടെയുണ്ടാവും എന്നാണ് വിലയിരുത്തൽ. കർണ്ണാടകയിൽ പാർട്ടിയെ നിലനിർത്താനായി അധികാരത്തിലേറുന്നവരെ പിന്തുണയ്ക്കേണ്ടത് ജെഡിഎസിന് അനിവാര്യതയാണ്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന വെല്ലുവിളികൾ. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ടിരിക്കുകയാണ് സിദ്ധരാമയ്യയും , ഡി.കെ ശിവകുമാറും. എങ്കിലും മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് രാത്രി തന്നെ സൂം മീറ്റിംഗിലൂടെ അഭിസംബോധന ചെയ്യാനാണ് കോൺഗ്രസ് ഉന്നത നേതാക്കളുടെ തീരുമാനം. റിസോർട്ട് രാഷ്ട്രീയമെന്ന പരിഹാസത്തിനും യാഥാർത്ഥ്യത്തിനും കർണ്ണാടക രാഷ്ട്രീയം പേരുകേട്ടതാണ്. ഇക്കാരണത്താലാണ് മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ ഓൺലൈൻ വഴി വിളിച്ചുകൂട്ടി നേതൃത്വം നിലപാടും തീരുമാനവും വ്യക്തമാക്കുന്നത്. സമുദായ വോട്ടുബാങ്കാണ് കർണ്ണാടകയിലെ രാഷ്ട്രീയ ഗതിവിഗതികളെ നിർണ്ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം. വൊക്കലിംഗ, ലിംഗായത്ത് തുടങ്ങിയ പ്രബല സമുദായങ്ങൾ ബിജെപിയെ സംബന്ധിച്ച് നിർണ്ണായകമാണ്.
224 നിയമസഭ സീറ്റിലേക്ക് നടന്ന മത്സരത്തിൽ അധികാരത്തിലേറാൻ 113 സീറ്റുകളാണ് അനിവാര്യം. ഇത്രയും വലിയ സീറ്റ് നിലകൾ ബിജെപിയ്ക്കോ കോൺഗ്രസിനോ ഉറപ്പിച്ചു പറയാൻ എക്സിറ്റ് പോളുകൾക്കും സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ തന്നെ പ്രാരംഭ ട്രെൻഡുകൾ പുറത്തുവരുമെങ്കിലും മധ്യാഹ്നത്തോടെ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരാൻ സാധ്യതയുണ്ട്. എക്സിറ്റ് പോളുകൾ വിശ്വസിച്ചവർക്ക് ആംബുലൻസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് ബിജെപിയുടെ വാക്കുകൾ.
Discussion about this post