ലക്നൗ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുളള പ്രതിപക്ഷ തീരുമാനത്തോട് വിയോജിച്ച് ബിഎസ്പി നേതാവ് മായാവതി. പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും അവകാശം ഉണ്ടെന്ന് മായാവതി പറഞ്ഞു. ഗോത്ര വിഭാഗത്തിൽപെട്ട രാഷ്ട്രപതിയോടുളള ബഹുമാനാർത്ഥം ചടങ്ങ് ബഹിഷ്കരിക്കാനുളള പ്രതിപക്ഷ തീരുമാനം നീതീകരിക്കാനാകില്ലെന്നും മായാവതി ലക്നൗവിൽ പറഞ്ഞു.
ഗോത്ര വിഭാഗത്തിൽ നിന്നുളള രാഷ്ട്രപതിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ അത് ചിന്തിക്കണമായിരുന്നു. ഐകകണ്ഠേന തിരഞ്ഞെടുക്കേണ്ട സ്ഥാനത്താണ് അവർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയതെന്നും മായാവതി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണങ്ങൾ.
ഇത്തരം വിഷയങ്ങളിൽ ബിഎസ്പി എപ്പോഴും രാഷ്ട്രീയത്തിലുപരിയാണെന്നും രാജ്യത്തെയും പൊതുതാൽപര്യത്തെയും സംബന്ധിച്ച വിഷയങ്ങളിൽ എപ്പോഴും കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാറുണ്ടെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് ഭരിച്ചപ്പോഴും ബിഎസ്പിയുടെ നിലപാട് അങ്ങനെയായിരുന്നുവെന്നും മായാവതി കൂട്ടിച്ചേർത്തു.
മുൻകൂട്ടി തീരുമാനിച്ച ചില പരിപാടികൾ ഉളളതിനാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്നും മായാവതി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുളള രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ബഹിഷ്കരണത്തോട് വിയോജിച്ച് നേരത്തെ വൈഎസ്ആർ കോൺഗ്രസും ബിജു ജനതാദളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയും നിലപാട് വ്യക്തമാക്കിയത്. ഈ മാസം 28 ന് പ്രധാനമന്ത്രിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക.
Discussion about this post