ഭുവനേശ്വർ: 261 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ. ബോളിവുഡ് താരം അക്ഷയ് കുമാറുൾപ്പെടെയുള്ളവരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. കോറോമൻഡൽ എക്സ്പ്രസ് തീവണ്ടി അപകടത്തിൽപ്പെട്ട സംഭവം അതീവ ദു:ഖമുളവാക്കുന്നതായി താരങ്ങൾ പ്രതികരിച്ചു.
ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിന്റെ വാർത്തകളും ദൃശ്യങ്ങളും കണ്ട് ഹൃദയം തകരുന്നുവെന്ന് അക്ഷയ് കുമാർ വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അക്ഷയ് കുമാർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
തീവണ്ടി ദുരന്തത്തിൽ അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്ന് ബോളിവുഡ് നടി പരിനീതി ചോപ്ര ട്വീറ്റ് ചെയ്തു. വൻ ദുരന്തമുണ്ടാക്കിയ വിഷമം മറികടക്കാൻ എല്ലാവർക്കും കഴിയട്ടേ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നടി പറഞ്ഞു.
ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ജൂനിയർ എൻടിആർ പ്രതികരിച്ചു. ദുരന്തബാധിതരായ ഓരോരുത്തരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. ഈ വിഷമഘട്ടം തരണം ചെയ്യാൻ അവർക്ക് ശക്തി ലഭിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി സംവിധായകൻ വിവേക് അഗ്നിഹോത്രിയും പ്രതികരിച്ചു. സംഭവം ഹൃദയഭേദകവും അതേസമയം നാണക്കേട് ഉണ്ടാക്കുന്നതുമാണ്. ഈ കാലഘട്ടത്തിൽ മൂന്ന് തീവണ്ടികളാണ് കൂട്ടി മുട്ടി അപകടം ഉണ്ടായിരിക്കുന്നത്. ഇതിന് ആരാണ് ഉത്തരവാദികൾ എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post