എറണാകുളം: അന്താരാഷ്ട്ര യോഗ ദിനം നാവിക സേനയ്ക്കൊപ്പം ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നാവിക സേനാ ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹം യോഗ ചെയ്തു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
രാവിലെയായിരുന്നു യോഗാ ദിനത്തോട് അനുബന്ധിച്ച് ഐഎൻഎസ് വിക്രാന്തിൽ പരിപാടി സംഘടിപ്പിച്ചത്. നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാറും രാജ്നാഥ് സിംഗിനൊപ്പം പരിപാടിയിൽ പങ്കുകൊണ്ടു. നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളായി.
ഒരു മണിക്കൂർ നേരമായിരുന്നു യോഗ. രാജ്നാഥ് സിംഗിനൊപ്പം നൂറ് കണക്കിന് ഉദ്യോഗസ്ഥർ ആയിരുന്നു യോഗ ചെയ്തത്. ഇതിന് പുറമേ അഗ്നിവീറുകളും പരിപാടിയിൽ പങ്കാളികളായി. ഐഎൻഎസ് വിക്രാന്തിൽ യോഗ ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2015 മുതലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും താത്പര്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടേത് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
Discussion about this post