ന്യൂഡൽഹി: രാജ്യത്ത് ശാരാശരി വാർഷിക ശമ്പളത്തിന്റെ കാര്യത്തിൽ വൻ നഗരങ്ങളെ കടത്തിവെട്ടി മഹാരാഷ്ട്രയിലെ സോലാപൂർ. ഐടിനഗരമായ ബംഗളൂരുവിനെയും രാജ്യതലസ്ഥാനമായ ഡൽഹിയെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും കടത്തിവെട്ടിയാണ് മഹാരാഷ്ട്രയിലെ ഈ നഗരം ഒന്നാമതായിരിക്കുന്നത്. ശരാശരി ശമ്പള സർവ്വേ റിപ്പോർട്ട് പ്രകാരം 2,810,092 രൂപയാണ് സോലാപൂരിലെ ശരാശരി വാർഷിക വേതനം.
2,117,870 രൂപ വാർഷിക ശരാശരി ശമ്പളുമായി മുംബൈയാണ് രണ്ടാം സ്ഥാനത്തുള്ളത്. ടെക് ഹബ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സിലിക്കൺ വാലി ബംഗളൂരു, ശരാശരി വാർഷിക ശമ്പളം 21,01,388 രൂപയുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം, ശരാശരി 2,043,703 രൂപ ശമ്പളവുമായി ഡൽഹി നാലാം സ്ഥാനത്തെത്തി.
സോലപുർ(മഹാരാഷ്ട്ര)- 2,810,092, മുംബൈ(മഹാരാഷ്ട്ര)- 2,117,870, ബാംഗ്ലൂർ(കർണാടക)- 2,101,388, ഡൽഹി- 2,043,703, ഭുവനേശ്വർ(ഒഡിഷ)- 1,994,259, ജോദ്പുർ(രാജസ്ഥാൻ)- 1,944,814, പൂനെ(മഹാരാഷ്ട്ര)- 1,895,370, ഹൈദരാബാദ്- 1,862,407 എന്നീ നഗരങ്ങളാണ് ആദ്യ എട്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. അതേസമയം ആദ്യ എട്ടിൽ കേരളത്തിലെ നഗരങ്ങൾക്ക് ഇടംപിടിക്കാനായില്ല. റിപ്പോർട്ട് അനുസരിച്ച് പുരുഷന്മാരുടെ ശരാശരി വാർഷിക ശമ്പളം 1,953,055 രൂപയും സ്ത്രീകൾ 1,516,296 രൂപയുമാണ് കൈപ്പറ്റുന്നത്.
ശരാശരി 2,950,185 രൂപ വരുമാനമുള്ള മാനേജ്മെന്റ്, ബിസിനസ്, 2,702,962 രൂപ വരുമാനമുള്ള നിയമവിദഗ്ധർ എന്നിവയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ജോലികൾ. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ, ഡോക്ടറേറ്റ് ബിരുദമുള്ള ആളുകൾക്ക് ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളമായ 2,752,407 രൂപ ലഭിച്ചു. 2,126,111 രൂപ ശമ്പളമുള്ള ബിരുദാനന്തര ബിരുദമാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ വിദ്യാഭ്യാസ നിലവാരം.
തൊഴിൽ പ്രവൃത്തിപരിചയും ശമ്പളത്തിൽ ഏറ്റെക്കുറച്ചിൽ ഉണ്ടാക്കുന്നു. 20 വർഷത്തിലധികം അനുഭവ പരിചയമുള്ളവർക്ക് 38,15,462 രൂപയും 16-20 വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് ശരാശരി 36,50,647 രൂപയും ലഭിക്കുന്നു.
അതേസമയം കേവലം 11,570 പേരുടെ ഡാറ്റ മാത്രമാണ് സർവ്വേയ്ക്ക് ഉപയോഗിച്ചത്. സോലപൂരിലെ രണ്ട് പേർ മാത്രമാണ് സർവ്വേയിൽ പങ്കെടുത്തത്. മുംബൈയിൽ നിന്ന് 1748 പേരും ബംഗളൂരുവിൽ നിന്ന് 2799 പേരും ഡൽഹിയിൽ നിന്ന് 1890 പേരുമാണ് സർവ്വേയിൽ പങ്കെടുത്തത്. അതിനാൽ ഇത് യാഥാർത്ഥ്യത്തോട് എത്രത്തോളം ചേർന്ന് നിൽക്കുന്നുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.
Discussion about this post