ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കർണാടകയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനായി കേന്ദ്രസർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
നികുതി വരുമാനത്തിൽ കർണാടകയുടെ വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും കത്തിൽ സൂചനയുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് നൽകിവരുന്ന ഗ്രാന്റുകളും കേന്ദ്രസർക്കാരിന്റെ പ്രത്യേക ഗ്രാന്റും കർണാടകയ്ക്ക് അനുവദിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശമനുസരിച്ച് കർണാടകയ്ക്കുള്ള നികുതി വിഭജന വിഹിതം കുറച്ചിരുന്നു. ഇതിന്റെ ഫലമായി 2020 മുതൽ കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തിന് മൊത്തം നികുതി വിഭജനത്തിൽ 37,011 കോടി രൂപയുടെ കുറവുണ്ടായി എന്നും കർണാടക മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
Discussion about this post