കടൽത്തീരത്ത് ദുരൂഹമായ വസ്തുക്കൾ അടിഞ്ഞുകൂടിയതിനെ തുടർന്ന് സിഡ്‌നിയിലെ പ്രസിദ്ധമായ ഒമ്പത് ബീച്ചുകൾ അടച്ചിടുന്നതായി അധികൃതർ. വെള്ളനിറത്തിലും,ചാരനിറത്തിലും ഉള്ള നിരവധി അജ്ഞാത വസ്തുക്കളാണ് കടൽത്തീരത്ത് അങ്ങിങ്ങായി അടഞ്ഞുകൂടിയിരിക്കുന്നത്. പന്തിനോട് രൂപസാദൃശ്യമുള്ള വസ്തുക്കളാണ് കണ്ടെത്തിയിരിക്കുന്നത്.
മാൻലി, ഡീ വൈ, ലോംഗ് റീഫ്, ക്വീൻസ്‌ക്ലിഫ്, ഫ്രഷ്വാട്ടർ, നോർത്ത് സൗത്ത് കേൾ കേൾ, നോർത്ത് സ്റ്റെയ്ൻ, നോർത്ത് നരാബീൻ എന്നീ ബീച്ചുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടതായി അധികൃതർ അറിയിച്ചത്. ഈ ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് അധികൃതർ പറയുന്നത്. ഒപ്പം ഇവിടെ ശുചീകരണം നടക്കുകയും ഈ വസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്യുന്ന സമയത്ത് പന്തിന്റെ ആകൃതിയിലുള്ള ആ വസ്തുക്കളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സുരക്ഷിതമായി ഇവയെല്ലാം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. മിക്കതും പന്തിന്റെ രൂപത്തിലും മാർബിളിന്റെ സൈസിലുള്ളതുമാണ്. ചിലതെല്ലാം അതിനേക്കാൾ വലുതാണ് എന്നും നോർത്തേൺ ബീച്ചസ് കൗൺസിൽ പ്രസ്താവനയിൽ പറയുന്നു. ഈ അവശിഷ്ടങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാനും അവ പരിശോധിക്കാനുമായി സംസ്ഥാന സ്റ്റേറ്റ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post