ന്യൂഡൽഹി : 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ സ്വാഭാവിക കാരണങ്ങളും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടതായി കേന്ദ്രസർക്കാർ കണക്ക്. 34 വിദേശരാജ്യങ്ങളിൽ കാനഡയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യക്കാരായ 91 വിദ്യാർത്ഥികളാണ് ആറു വർഷത്തിനുള്ളിൽ കാനഡയിൽ വെച്ച് മരണപ്പെട്ടിട്ടുള്ളത്.
രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് വിദ്യാർത്ഥികളുടെ മരണത്തിന്റെ കണക്കുകള്‍ രേഖാമൂലം അറിയിച്ചത്. യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്സ് (36), ഓസ്ട്രേലിയ (35), ഉക്രെയ്ൻ (21), ജർമ്മനി. (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീൻസ് (10 വീതം) എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ട വിദ്യാർത്ഥികളുടെ കണക്കുകൾ.
കൊലപാതകങ്ങളും അപകടങ്ങളും മുതൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ആവാതെ ഉണ്ടാകുന്ന മരണങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വിദേശത്ത് വെച്ച് മരണപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയും വ്യക്തമാക്കി.
Discussion about this post