മുംബൈ : ഒരു കാലഘട്ടത്തിൽ ഇന്ത്യൻ യുവത്വത്തിന് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സൊണാലി ബേന്ദ്രെ. ബോളിവുഡിലും ദക്ഷിണേന്ത്യൻ ഭാഷകളിലും നിരവധി വിജയ ചിത്രങ്ങൾ സൊണാലി സമ്മാനിച്ചിരുന്നു. ഏതാനും വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നടി ഇപ്പോൾ തന്റെ ക്യാൻസർ അതിജീവനത്തിന്റെ കഥകൾ പങ്കുവെച്ചത് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
ഇൻഡോറിൽ സംഘടിപ്പിച്ച ലിറ്റ് ചൗക്ക് എന്ന പരിപാടിയിലാണ് നടി സൊണാലി ബേന്ദ്രെ തന്റെ നിലവിലെ ജീവിതത്തെക്കുറിച്ചും ക്യാൻസർ അതിജീവനത്തെക്കുറിച്ചും എല്ലാം പങ്കുവെച്ചത്. “കാൻസർ നിങ്ങളെ ജീവിതത്തിലേക്കും മരണത്തിലേക്കും വളരെ അടുപ്പിക്കുന്ന ഒരു രോഗമാണ്. കാൻസർ വന്നപ്പോൾ ഞാൻ ശരിക്കും വിഷമിച്ചു. തങ്ങൾ ശക്തരാണെന്നും ഒരിക്കലും ഭയപ്പെടുന്നില്ലെന്നും പറയുന്നവരെപ്പോലെയല്ല ഞാൻ. എന്ത് സംഭവിക്കുമെന്നും ജീവിതത്തിന്റെ ഏത് ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്നും എനിക്കറിയാമായിരുന്നു. ഇതിനിടയിൽ ഞാൻ ഒരു കാര്യം മാത്രം ഓർത്തു, എന്റെ മകൻ വളരെ ചെറുപ്പമാണ്, അവനുവേണ്ടി ജീവിക്കണം. ക്യാൻസറിൽ നിന്ന് കരകയറാൻ എന്നെ ഏറ്റവും സഹായിച്ചത് ഈ ഒരു ചിന്തയായിരുന്നു” എന്നാണ് നടി വ്യക്തമാക്കിയത്.
“വിവാഹവും കുട്ടികളും ഒക്കെ ആയപ്പോൾ എന്റെ പുസ്തകവായന ശീലം ഇല്ലാതായിരുന്നു . ക്യാൻസർ വന്നപ്പോൾ ഞാൻ വീണ്ടും പുസ്തകങ്ങളിലേക്ക് പോയി. പുസ്തകങ്ങൾ എനിക്ക് മാനസിക ശക്തി നൽകി. ഇപ്പോൾ ഞങ്ങൾ സ്വന്തമായി ഒരു ബുക്ക് ക്ലബ്ബ് തുടങ്ങിയിരിക്കുന്നു. തുടർച്ചയായി വായിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്തതാണ് ഇന്ന് ഞാൻ സജീവമായിരിക്കുന്നതിന്റെ പ്രധാന കാരണം” എന്നും സൊണാലി വ്യക്തമാക്കി.
48 കാരിയായ സൊണാലി ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2002ലാണ് സൊണാലി സംവിധായകനും നിർമ്മാതാവുമായ ഗോൾഡി ബേലിനെ വിവാഹം കഴിക്കുന്നത്. രൺവീർ എന്ന ഒരു മകനും ഇവർക്കുണ്ട്. 2018ലായിരുന്നു സൊണാലിക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ വച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷം അവർ സുഖം പ്രാപിക്കുകയായിരുന്നു.
Discussion about this post