ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നപ്പോൾ ഭൂരിഭാഗം ഏജൻസികളും പ്രവചിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്നാണ്. 350 മുതൽ 400 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് പ്രവചനങ്ങൾ. എന്നാൽ ഈ എക്‌സിറ്റ് പോളുകളെയെല്ലാം തള്ളുന്നതാണ് ഡിബി ന്യൂസ് ചാനൽ പുറത്തുവിട്ട എക്‌സിറ്റ് പോൾ. എൻഡിഎ 250 താഴെ സീറ്റിൽ ഒതുങ്ങുമെന്നും ഇൻഡി മുന്നണി അധികാരത്തിലെത്തുമെന്നുമാണ് പ്രവചനം.
ഇൻഡ്യാ മുന്നണി 260 മുതൽ 295 വരെ സീറ്റ് നേടുമെന്ന് ഇവർ പ്രവചിക്കുന്നു.എൻ.ഡി.എക്ക് ലഭിക്കുന്ന സീറ്റ് 215 മുതൽ 245 വരെയാകും. തമിഴ്‌നാട്ടിൽ 37 മുതൽ 39 വരെ സീറ്റ് ഇൻഡി മുന്നണിക്ക് ലഭിക്കും. ഒരു സീറ്റാണ് എൻ.ഡി.എക്കുള്ളത്. മഹാരാഷ്ട്രയിൽ ഇൻഡി മുന്നണി 28-30 സീറ്റുകൾ വരെയും എൻ.ഡി.എ ഏകദേശം 20 സീറ്റുകളുമാണ് നേടുക. കർണാടകയിൽ ഇൻഡിക്ക് 18-20 സീറ്റും എൻ.ഡി.എക്ക് 8-10 സീറ്റുമാണ് പ്രവചിക്കുന്നത്.ഡി.ബി ലൈവ് എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ 16-18 സീറ്റുകൾ യു.ഡി.എഫ് നേടും. എൽ.ഡി.എഫ് 2-3 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി ഒരു സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്.
ഉത്തർ പ്രദേശിൽ എൻ.ഡി.എക്ക് 46-48 സീറ്റുകളും ഇൻഡി മുന്നണിക്ക് 32-34 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 26-28, ബി.ജെ.പി 11-13, കോൺഗ്രസ് 2-4 എന്നിങ്ങനെയാണ് പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടി 6-8 സീറ്റുകളും കോൺഗ്രസ് 5-7 ഏഴ് സീറ്റുകളും നേടും. ഒഡിഷയിൽ ബി.ജെ.ഡി 12-14, ബി.ജെ.പി 6-8, കോൺഗ്രസ് 0-2 എന്നിങ്ങനെയാണ് സീറ്റ് നില. മദ്ധ്യപ്രദേശിലും ഗുജറാത്തിലും എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്നും സർവേയിൽ പറയുന്നു. ദേശബന്ധു പത്രത്തിന്റെ ഡിജിറ്റൽ ചാനലാണ് ഡി.ബി ലൈവ്. നിലവിൽ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുരിൽ നിന്ന് 1959 പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണിത്.
‘ജൂൺ 4-ന് നിങ്ങൾ എല്ലാവരും കാണുന്ന കൃത്യമായ കണക്കുകൾ ഇതാണ്. ഈ എക്സിറ്റ് പോൾ സത്യമാകും. ജൂൺ 4-ന് ഇൻഡി സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് എക്സിൽ വോട്ടെടുപ്പ് ഫലങ്ങൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ലുവ് ദത്ത ആത്മവിശ്വാസത്തോടെ പറഞ്ഞു. നിരവധി കോൺഗ്രസ് നേതാക്കളാണ് എക്‌സിറ്റ് രപോൾ ഫലം പങ്കുവച്ചത്.
Discussion about this post