ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ കായികരംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച് അഭിനന്ദിച്ച് പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജ്. താനെല്ലാം മെഡൽ നേടിയത് ഒരു തെറ്റായ കാലഘട്ടത്തിൽ ആയിപ്പോയെന്നാണ് ഇപ്പോൾ തോന്നുന്നത്. മോദിയുടെ കാലത്തെ കായിക താരങ്ങളോട് അസൂയ തോന്നുകയാണെന്നും അഞ്ജു ബോബി ജോർജ് വ്യക്തമാക്കി.
” 20 വർഷങ്ങൾക്കു മുൻപ് ഞാൻ മെഡൽ നേടിയ സമയത്ത് എന്റെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ നിന്ന് പോലും എനിക്കൊരു പ്രമോഷൻ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. നീരജ് ചോപ്ര മെഡൽ നേടിയപ്പോൾ അത് നമ്മളെല്ലാം കണ്ടതാണ്. നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷം വലിയ മാറ്റങ്ങളാണ് ഇന്ത്യൻ കായിക രംഗത്ത് വന്നിട്ടുള്ളത്. ഇന്ന് എല്ലാ കായികതാരങ്ങൾക്കും വേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുണ്ട്. നമ്മുടെ കായികതാരങ്ങളുടെ ഉയർച്ചയ്ക്കായുള്ള നിരവധി പരിശീലന പദ്ധതികളും കേന്ദ്രസർക്കാർ നൽകുന്നുണ്ട്” എന്നും അഞ്ജു ബോബി ജോർജ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അഞ്ജു ബോബി ജോർജ്. ” 25 വർഷമായി ഞാൻ ഇന്ത്യൻ കായികരംഗത്ത് ഉണ്ട്. ഇന്ത്യൻ കായിക രംഗത്ത് ഇപ്പോൾ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കായിക രംഗത്ത് ഉണ്ടായ മാറ്റങ്ങൾ ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ കായികതാരങ്ങൾക്ക് വലിയ അംഗീകാരവും ബഹുമതിയും ആണ് ലഭിക്കുന്നത്” എന്നും അഞ്ജു ബോബി ജോർജ് അഭിപ്രായപ്പെട്ടു.
Discussion about this post