അങ്കാറ : തുർക്കിയിൽ ഇന്ത്യൻ പൗരനെ പാകിസ്താൻ സ്വദേശികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തുർക്കിയിലെ എഡിർനെ നഗരത്തിലാണ് രാധാകൃഷ്ണൻ എന്ന ഇന്ത്യൻ യുവാവിനെ പാകിസ്താൻ സ്വദേശികൾ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യത്തിന് വേണ്ടിയാണ് ഇവർ തട്ടിക്കൊണ്ടുപോകൽ നടത്തിയത്. എന്നാൽ തുർക്കി പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇന്ത്യൻ പൗരനെ രക്ഷപ്പെടുത്തുകയും മൂന്ന് പാകിസ്താൻ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇസ്താംബൂളിലെ ഒരു റസ്റ്റോറന്റിൽ പാത്രങ്ങൾ കഴുകുന്ന ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു രാധാകൃഷ്ണൻ. ഈ റസ്റ്റോറന്റിൽ വച്ച് അദ്ദേഹത്തെ പരിചയപ്പെട്ട പാക് അഭയാർത്ഥികളായി തുർക്കിയിൽ കഴിഞ്ഞിരുന്ന മൂന്നു പേരാണ് രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പ്രതികൾ രാധാകൃഷ്ണനോട് ഇന്ത്യയിലെ കുടുംബത്തെ വിളിച്ച് 20 ലക്ഷം രൂപ അയച്ചു തരാൻ ആയി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. രാധാകൃഷ്ണൻ ജോലി ചെയ്തിരുന്ന റസ്റ്റോറന്റിലെ മറ്റൊരു സുഹൃത്ത് തുർക്കി പോലീസിനെ വിവരം അറിയിച്ചതാണ് രക്ഷയായത്.
ഒരു പരിഭാഷാ കമ്പനിയിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് ഉറപ്പു കൊടുത്താണ് രാധാകൃഷ്ണനെ പാകിസ്താനികൾ പ്രലോഭിപ്പിച്ച് എഡിർനയിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നത്. ഇവിടെ പ്രതികളിൽ ഒരാളുടെ വീട്ടിൽ എത്തിച്ച ശേഷം രാധാകൃഷ്ണന്റെ കയ്യും കാലും കെട്ടിയിട്ട ശേഷം ഇയാളുടെ കുടുംബത്തിന് വീഡിയോ അയച്ച് നൽകി ഭീഷണിപ്പെടുത്തിയെന്നും തുർക്കി പോലീസ് മാദ്ധ്യമങ്ങളോട് അറിയിച്ചു. രാധാകൃഷ്ണന്റെ സുഹൃത്തിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് രഹസ്യ ഓപ്പറേഷനിലൂടെ പ്രതികളുടെ വീട്ടിലെത്തി രാധാകൃഷ്ണനെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ യുവാവിനെ ഒളിവിൽ താമസിപ്പിച്ചിരുന്ന വീട്ടിൽ നിന്നും ലൈസൻസ് ഇല്ലാത്ത തോക്കുകളും പിസ്റ്റളുകളും കണ്ടെടുത്തതായും തുർക്കി പോലീസ് അറിയിച്ചു.
Discussion about this post