ആധുനിക ലോകവും ശാസ്ത്രവും എത്രയൊക്കെ പുരോഗമിച്ചിട്ടും ചില നിഗൂഢതകളുടെ ചുരുളഴിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ ഏറെ നിഗൂഢതകൾ നിറഞ്ഞ , ലോകത്തെ തന്നെ ഇപ്പോഴും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒന്നാണ് ബർമുഡ ട്രയാങ്കിൾ. ഡെവിൾസ് ട്രയാങ്കിൾ, ഡെവിൾസ് ഐലൻഡ്സ് എന്നുമെല്ലാം ഈ സ്ഥലം അറിയപ്പെടാറുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏകദേശം 13 ലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശത്തെയാണ് ബർമുഡ ട്രയാങ്കിൾ എന്ന് വിളിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ തെക്കേ അറ്റം, വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന യുണൈറ്റഡ് കിങ്‌ഡത്തിന്റെ ഭാഗമായ ബർമുഡ ദ്വീപ്, കരീബിയൻ ദ്വീപായ പ്യൂർട്ടോ റിക്കോ എന്നീ മൂന്ന് പോയിന്റുകൾ അതിർത്തിയാക്കി ഒരു സാങ്കല്പിക ത്രികോണ രൂപത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ബർമുഡ ട്രയാങ്കിൾ.

ഭൂമിയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ പ്രദേശമായാണ് ബർമുഡ ട്രയാങ്കിൾ കണക്കാക്കപ്പെടുന്നത്. സമുദ്രയാത്രികർക്കും വിമാനയാത്രികർക്കും ഒരുപോലെ പേടിസ്വപ്നമായ ഈ പ്രദേശം അറ്റ്ലാന്റികിലെ ശവപ്പറമ്പ് എന്ന പേരിലും വിശേഷിപ്പിക്കപ്പെടാറുണ്ട്. ബർമുഡ ട്രയാങ്കിളിലൂടെ പോകുന്ന കപ്പലുകളും ബോട്ടുകളും മുങ്ങുന്നതും വിമാനങ്ങള്‍ നിയന്ത്രണം തെറ്റി കടലില്‍ പതിക്കുന്നതുമാണ് ബര്‍മുഡ ട്രയാങ്കിളിനെ സാഹസിക സഞ്ചാരികളുടെ പോലും പേടിസ്വപ്നമായ ദുരൂഹ പ്രദേശമാക്കി മാറ്റിയത്. കഴിഞ്ഞുപോയ ഒരു നൂറ്റാണ്ടിനുള്ളിൽ ബർമുഡ ട്രയാങ്കിളിലൂടെ കടന്നുപോയ 50 കപ്പലുകളും 20 വിമാനങ്ങളും ആണ് അപ്രത്യക്ഷമായത്. ഈ തിരോധാനങ്ങളെ കുറിച്ച് നിരവധി പഠനങ്ങളും അന്വേഷണങ്ങളും നടത്തിയെങ്കിലും അപ്രത്യക്ഷമായ വിമാനങ്ങളുടെയോ കപ്പലുകളുടെയോ അവശിഷ്ടങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ബർമുഡ ട്രയാംഗിളിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. പലപ്പോഴായി ഉണ്ടായ വിവിധ അപകടങ്ങളിൽ ആയി ആയിരത്തിലേറെ മനുഷ്യരാണ് യാതൊരു സൂചനകളും ബാക്കി വയ്ക്കാതെ ഈ സമുദ്രചുഴിക്കുള്ളിലേക്ക് മറഞ്ഞുപോയത്.

ബർമുഡ ട്രയാങ്കിളിനെ കുറിച്ചുള്ള ചരിത്രത്തിൽ ഈ പ്രദേശത്തിന്റെ ദുരൂഹതയെ കുറിച്ച് ആദ്യം വ്യക്തമാക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ കൊളംബസ് തന്നെയാണ്. സമുദ്ര പര്യവേഷണത്തിന് ഇടയിൽ ബര്‍മുഡ ട്രയാംഗിളിനടുത്തുകൂടെ സഞ്ചരിക്കുന്ന സമയത്ത് തിളങ്ങുന്ന തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടതായും , വടക്കുനോക്കിയന്ത്രം ദിശ നിര്‍ണയിക്കാനാവാതെ വട്ടം കറങ്ങിയെന്നും കൊളംബസിന്റെ യാത്രാവിവരണങ്ങളിൽ പറയുന്നുണ്ട്. പക്ഷേ അക്കാലത്ത് അതത്ര കാര്യമാക്കപ്പെട്ടിരുന്നില്ല. ഇരുപതാം നൂറ്റാണ്ട് വരെയും ബർമുഡ ട്രയാങ്കിളിന്റെ ദുരൂഹതയെ പറ്റി ചരിത്രഗ്രന്ഥങ്ങളിൽ കാര്യമായി ഒന്നും പരാമർശിക്കുന്നില്ല.
1918 ലാണ് ബർമുഡ ട്രയാങ്കിളിനെ ദുരൂഹമായ നിഗൂഢതയാക്കി മാറ്റിയ ആദ്യത്തെ വലിയ അപകടം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കൻ നാവികസേനയുടെ യു.എസ്.എസ്.സൈക്ളോപ്സ് എന്ന കാര്‍ഗോകപ്പല്‍ ബർമുഡ ട്രയാംഗിളിൽ വെച്ച് അപ്രത്യക്ഷമായത് ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. 10,000 ടൺ മാംഗനീസുമായി യാത്ര നടത്തിയിരുന്ന ഈ കപ്പലിൽ മുന്നൂറിലേറെ ജീവനക്കാരും ഉണ്ടായിരുന്നു. ലോകത്തിനു മുമ്പിൽ വലിയൊരു പ്രഹേളികയായി യു.എസ്.എസ്.സൈക്ളോപ്സ് ബർമുഡ ട്രയാങ്കിളിൽ മറഞ്ഞു പോയി. ഈ കപ്പൽ അപകടത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇന്നുവരെ കപ്പലിന്റെയോ ജീവനക്കാരുടെയോ ചെറിയൊരു അവശിഷ്ടം പോലും കണ്ടെത്താനായിട്ടില്ല.
ബർമുഡ ട്രയാങ്കിളിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ദുരൂഹത തന്നെ ഈ പ്രദേശത്ത് അപകടത്തിൽ പെടുന്ന കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. 1945 ല്‍ ആണ് ബർമുഡ ട്രയാംഗിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടം സംഭവിച്ചത്. 1945 ഡിസംബറിൽ യുഎസ് നേവിയുടെ ഫ്ലൈറ്റ് 19 എന്ന വിമാനം ബർമുഡ ട്രയാങ്കിളിൽ വച്ച് അപ്രത്യക്ഷമായി. അപകട വിവരം അറിഞ്ഞ് ഈ വിമാനത്തെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിന് തിരിച്ച അമേരിക്കയുടെ അഞ്ച് ബോംബർ വിമാനങ്ങളും 27 സൈനികരെയും ദുരൂഹസാഹചര്യത്തിൽ ഇതേ പ്രദേശത്ത് കാണാതായി. 1949 ജമൈക്കയിലേക്ക് പറന്നിരുന്ന യാത്രാവിമാനം ആയ ട്യൂഡോർ സ്റ്റാർ ടൈഗർ, 1954ൽ പോർച്ചുഗലിലേക്ക് പോയിരുന്ന നാവിക വിമാനമായ ഫ്ലൈറ്റ് 441, മിയാമിയിലേക്ക് പോയിരുന്ന ഡിസി 3 പാസഞ്ചർ വിമാനം എന്നിവയും ബർമുഡ ട്രയാങ്കിളിൽ വച്ച് അപ്രത്യക്ഷമായി.
ബർമുഡ ട്രയാങ്കിൾ എന്ന ഈ നിഗൂഢമായ സമുദ്ര ചുഴിക്കുള്ളിലേക്ക് മറഞ്ഞു പോയ ഒന്നും തന്നെ തിരികെ കണ്ടെത്താൻ ആധുനിക ശാസ്ത്രലോകം ഇത്രയേറെ വളർന്നിട്ടും കഴിഞ്ഞിട്ടില്ല. ബർമുഡ ട്രയാങ്കിളിന്റെ ദുരൂഹതയുടെ ചുരുളഴിക്കാനായി പലപ്പോഴായി വിവിധ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എല്ലാം ഇവിടെ പര്യവേഷണം നടത്താൻ എത്തിയെങ്കിലും ഇന്നവരെ ഒന്നും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. അന്വേഷണത്തിനെത്തിയ പല വിമാനങ്ങളും കപ്പലുകളും ഇവിടെ തന്നെ ദുരൂഹമായി മറഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. ബർമുഡ ട്രയാങ്കിളിന്റെ ദുരൂഹത അന്വേഷിച്ചു പോയ നിരവധി കപ്പലുകളും വിമാനങ്ങളും കാണാതായ അതേ കാലഘട്ടങ്ങളിൽ തന്നെ പലപ്പോഴും യാത്രികരോ നാവികരോ ഇല്ലാത്ത ചില കപ്പലുകൾ ഈ പ്രദേശത്തിന്റെ പരിസരത്ത് നിന്നും കണ്ടെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1872ല്‍ കണ്ടത്തെിയ മേരി സെലസ്റ്റി, 1921ല്‍ കണ്ടത്തെിയ കരോള്‍ ഡിയറിങ്, 1935ല്‍ കണ്ടത്തെിയ ലാ ദഹാമ, 1955ല്‍ കണ്ടത്തെിയ കെനെമാറ എന്നിവയെല്ലാം ബർമുഡ ട്രയാങ്കിളിന് പരിസരത്തു നിന്നും ആളൊഴിഞ്ഞ നിലയിൽ കണ്ടെത്തിയ കപ്പലുകൾ ആയിരുന്നു. ഇവ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നുള്ളതും ഇന്നും ദുരൂഹമാണ്.
ഇന്നുവരെയായി നിരവധി ഗവേഷണങ്ങളാണ് ബർമുഡ ട്രയാങ്കിളിനെ കുറിച്ച് നടന്നിട്ടുള്ളത്. പക്ഷേ പലപ്പോഴും ഈ ഗവേഷണങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടേണ്ടി വന്നിട്ടുള്ളവയാണ്. അമേരിക്കയും യുകെയും കേന്ദ്രീകരിച്ചുള്ള ശാസ്ത്ര ഗവേഷകർ നടത്തിയ ചില ഗവേഷണങ്ങളിൽ ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുള്ള രണ്ട് കൂറ്റന്‍ പിരമിഡുകൾ ബര്‍മുഡ ട്രയാങ്കിളിൽ കണ്ടെത്തപ്പെട്ടിട്ടുള്ളതായി പറയുന്നു. സമുദ്രനിരപ്പിൽ നിന്നും 2000 അടിയോളം ഉയരം ഉള്ളവയാണ് ഈ രണ്ടു പിരമിഡുകളും. രണ്ടു പിരമിഡുകളുടെയും മുകളിൽ വലിയ ദ്വാരങ്ങളും രണ്ടാമത്തെ പിരമിഡിന്റെ മുകളിലൂടെ സമുദ്രജലം ശക്തമായി ഒഴുകുന്നതായും അതോടൊപ്പം സമുദ്രനിരപ്പില്‍ നുരയും പതയും രൂപം കൊള്ളുന്നതായും ഗവേഷകര്‍ കണ്ടത്തെിയിട്ടുണ്ട്. ജലത്തിന്റെ സാന്ദ്രത കുറക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകം സമുദ്രോപരിതലത്തോട് ചേര്‍ന്ന് പൊട്ടിത്തെറിക്കുന്നത് വഴി ഉയര്‍ന്നുപൊങ്ങുന്ന വെള്ളം ആ സമയത്ത് ഈ പ്രദേശത്തെത്തുന്ന വസ്തുക്കളെ മുക്കി കളയുകയും മീഥേന്‍ കുമിളകൾ അന്തരീക്ഷത്തിലേക്ക് ഉയർന്ന് വിമാനങ്ങൾക്ക് തീ പിടിക്കുകയും ആണ് ചെയ്യുന്നത് എന്നും ചില ഗവേഷണങ്ങൾ പറയുന്നു. എന്നാൽ ഇവയൊന്നും കൃത്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങൾ അല്ലാത്തിടത്തോളം ബർമുഡ ട്രയാങ്കിൾ ഇന്നും നിഗൂഢതകൾ കൊണ്ട് മൂടപ്പെട്ട ഒരു പ്രഹേളികയായി തുടരുകയാണ്.













Discussion about this post