മെയ് 21- മലയാളികൾക്ക് അത് വെറുമൊരു ദിവസമല്ല. മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനമാണ്. ഇന്ന് രാവിലെ മുതൽ ശ്രീ മോഹൻലാലിന് ജന്മദിനാശംസകളുടെ പ്രവാഹം തന്നെയായിരുന്നു മലയാളികൾ നൽകിയത്. സിനിമാ, സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക ലോകങ്ങളിലെ പ്രമുഖർ മുതൽ ഏറ്റവും സാധാരണക്കാരായവർ വരെ സമൂഹമാദ്ധ്യമങ്ങളിലൂടെ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരുന്നു.
ഇപ്പോഴിതാ എല്ലാ ആശംസകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെയാണ് അദ്ദേഹം ആരാധകരും അഭ്യുദയകാംക്ഷികളും അടക്കമുള്ളവരുടെ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയത്.
“ഓരോ ജന്മദിനവും എനിക്ക് ചുറ്റുമുള്ള ഊഷ്മളമായ സ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലാണ്. എല്ലാ ആശംസകൾക്കും എൻ്റെ ഈ മനോഹരമായ യാത്രയുടെ ഭാഗമായതിനും എല്ലാവർക്കും നന്ദി.” എന്നാണ് മോഹൻലാൽ സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചത്.
1960 മെയ് 21 ന് പത്തനംതിട്ടയിലെ എലന്തൂരിൽ ആയിരുന്നു മോഹൻലാൽ ജനിച്ചത്. 1978 ൽ പതിനെട്ടാം വയസ്സിൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എന്നെന്നേക്കുമായി തന്റെ പാദമുദ്ര പതിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞു. കഴിഞ്ഞ 45 ഓളം വർഷങ്ങൾ കൊണ്ട് മോഹൻലാൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായി 400 ലേറെ സിനിമകളിൽ അഭിനയിച്ചു. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള മോഹൻലാലിനെ രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ സിനിമകൾക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ച താരം കൂടിയാണ് മോഹൻലാൽ.
Discussion about this post