തിരുവനന്തപുരം: മസാലബോണ്ട് കേസിൽ ഇഡി പുറത്തു വിട്ട രേഖകൾക്ക് വിശദീകരണവുമായി തോമസ് ഐസക്. ഭയപ്പെടുത്താൻ നോക്കിയാൽ നടക്കില്ല. ഇഡി പുറത്തു വിട്ടത് രഹസ്യ രേഖയല്ല. മസാലബോണ്ട് നിയമപരമാണ്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. ഒരു വർഷം ഇഡി അന്വേഷിച്ചിട്ട് എന്ത് നിയമ ലംഘനമാണ് കണ്ടെത്തിയത്. ഇത് ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ്. നിയമ പരമായി തന്നെ ഇതിനെ നേരിടും. കോടതിയുടെ അന്തസത്തക്ക് എതിരാണ് ഇഡിയുടെ നടപടിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
അതേസമയം, ഇഡി സമൻസിനെ എല്ലാവരും എന്തിനാണ് ഭയക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സമൻസിനോട് പ്രതികരിക്കുകയല്ലേ വേണ്ടത്. ഇഡി രേഖകൾ ആവശ്യപ്പെടുന്നത് പ്രഥമിക അന്വേഷണത്തിനാണെന്നും കോടതി വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന തോമസ് ഐസക്കിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡി രേഖകൾ പുറത്തു വിട്ടത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾക്ക് അനുമതി നൽകിയത് തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും കൂടിയാണെന്ന് ഇഡി വ്യക്തമാക്കുന്നു. 2019ൽ നടന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് മുഖ്യമന്ത്രിയാണ്. ഇതിൽ മസാല ബോണ്ടിന് അനുകൂലമായി തോമസ് ഐസക്ക് നിലപാടെടുത്തു. പലിശ നിരക്ക് കൂടുതൽ ആണെങ്കിൽ മസാലബോണ്ടിലേക്ക് പോകണോ എന്നതിനെ കുറിച്ച് യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ, നിരക്ക് കൂടുതലാണെങ്കിലും ഈ അവസരം ഉപയോഗപ്പെടുത്തണം എന്നായിരുന്നു തോമസ് ഐസക്കിന്റെ നിലപാട് എന്ന് ഇഡി പറയുന്നു.
എന്നാൽ, മസാല ബോണ്ടിൽ തനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്നാണ് തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞത്. കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നതു കൂട്ടായാണ്. ധനമന്ത്രി എന്ന ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് പ്രത്യേക ഉത്തരവാദിത്വങ്ങൾ ഇല്ലെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ചുവട് മാറ്റം.
Discussion about this post