ബംഗളൂരു : ജലക്ഷാമം രൂക്ഷമായിരിക്കുന്ന ബംഗളൂരുവിൽ കാർ കഴുകാൻ വെള്ളം ഉപയോഗിച്ചതിന് 22 പേർക്ക് പിഴ. 5000 രൂപ വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് ആണ് പിഴ ഈടാക്കിയിട്ടുള്ളത്.
വാഹനങ്ങൾ കഴുകാനോ പൂന്തോട്ടങ്ങൾ നനയ്ക്കാനോ വാട്ടർ സപ്ലൈ നൽകുന്ന വെള്ളം ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ ബംഗളൂരു നഗരസഭ വ്യക്തമാക്കിയിരുന്നു. ജലക്ഷാമം നിലനിൽക്കുന്നതിനാൽ വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടാൽ ഓരോരുത്തരിൽ നിന്നും 5000 രൂപ വീതം പിഴ ഈടാക്കുമെന്നും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് വെള്ളം ദുരുപയോഗം ചെയ്തതിന് വാട്ടർ സപ്ലൈ പിഴയായി ഈടാക്കിയിട്ടുള്ളത്. ഹോളി ആഘോഷങ്ങൾക്കിടയിലും ജലം പാഴാക്കരുത് എന്ന് ബംഗളൂരു വാട്ടർ സപ്ലൈ നഗരവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത ജലക്ഷാമം നേരിടുന്നതിനാൽ വെള്ളത്തിന്റെ ഉപയോഗം ഓരോ കുടുംബവും പരിമിതപ്പെടുത്തണമെന്ന് കാണിച്ച് ഓരോ കുടുംബത്തിനും നോട്ടീസ് നൽകിയിട്ടുള്ളതായും വാട്ടർ സപ്ലൈ അധികൃതർ വ്യക്തമാക്കി.
Discussion about this post