ചെന്നെ: നടൻ ജോൺ വിജയ്ക്കെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി. ജോൺ വിജയ്ക്കെതിരെ സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകൾ ഗായിക ചിന്മയി പുറത്തുവിട്ടു. അഭിമുഖമെടുക്കാൻ ചെന്ന തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു മാദ്ധ്യമ പ്രവർത്തക സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ വന്നിട്ടുള്ള വിവിധ പരാതികളുമായി ബന്ധപ്പെട്ട തെളിവുകൾ ചിന്മയി പുറത്തുവിട്ടിരിക്കുന്നത്.
അഭിമുഖത്തിനായി ചെന്നപ്പോൾ മാദ്ധ്യമപ്രവർത്തകയുടെ ഇടുപ്പിൽ സ്പർശിച്ചെന്ന പരാതിയും ഉയർന്നിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ചാണ് തന്നെ അപമാനിച്ചതെന്നും ഷോയുടെ സംവിധായിക ഒരു വനിതയായാിരുന്നിട്ടു പോലും ഇതിനെതിരെ പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ജോൺ വിജയ് പൊതുജനങ്ങൾക്ക് ഒരു ശല്യമാണെന്നും ജോലി സ്ഥലത്തും റെസ്റ്റോറന്റുകളിലുമൊക്കെ വച്ച് ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറുകയും അവർക്ക് അസ്വസ്തതകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും സ്്ക്രീൻഷോട്ടുകൾ പങ്കുവച്ച് ചിന്മയി പറയുന്നു.
‘ചെന്നെയിലെ ക്ലബ്ബുകളിലെയും പബ്ബുകളിലെയും നിത്യസന്ദർശകനാണ് ഇയാൾ. ആ സ്ഥലങ്ങളൊക്കെ ഇയാളെ പോലെയുള്ള ചെകുത്താന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നോ എന്ന വാക്ക് ഇയാളോട് എത്രപറഞ്ഞാലും ഇയാൾക്ക് മനസിലാകില്ല. ക്ലബിന്റെ ഏത് മൂലയിൽ പോയാലും ഇയാൾ പിറകിലുണ്ടാകും. ഒരിക്കൽ ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ക്ലബ്ബിലെ ബൗൺസർമാരെ സഹായത്തിന് വിളിക്കേണ്ടിവന്നുവെന്നും ചിന്മയി പങ്കുവച്ച ഒരു സ്ക്രീൻഷോട്ടിൽ പറയുന്നു.
ഇതിന് മുൻപും വീഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ ജോൺ വിജയ്ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ, 2018ൽ നടൻ മാപ്പപേക്ഷ നടത്തി രംഗത്ത് വന്നിരുന്നു.
Discussion about this post