ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മാസ് ഡയലോഗ് കേട്ട് ചിരി നിർത്താൻ കഴിയാതിരുന്ന ധനമന്ത്രി നിർമല സീതാരാമൻ ആയിരുന്നു ഇന്നത്തെ ലോക്സഭാ സമ്മേളനത്തിലെ പ്രധാന കാഴ്ചയായി മാറിയത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ബജറ്റ് ഹൽവ ചടങ്ങിനെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളാണ് നിർമ്മല സീതാരാമനെ പൊട്ടിച്ചിരിപ്പിച്ചത്. ധനമന്ത്രിയുടെ ചിരികണ്ട് സ്പീക്കർ അടക്കമുള്ളവരും ചിരിച്ചത് പാർലമെന്റിൽ ശ്രദ്ധേയമായ കാഴ്ചയായി മാറി.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് കേന്ദ്ര ധനമന്ത്രി നടത്തുന്ന മധുരവിതരണ ചടങ്ങാണ് ബജറ്റ് ഹൽവ ചടങ്ങ്. ഈ ചടങ്ങിന്റെ ഫോട്ടോയുമായിട്ടായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ അദ്ദേഹം ഫോട്ടോ ഉയർത്തി കാണിച്ചതോടെ തന്നെ സ്പീക്കർ അത് തടഞ്ഞു. തുടർന്ന് ഇങ്ങനെ ഫോട്ടോ കാണിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് രാഹുൽ ഗാന്ധി നടത്തിയ ചില പ്രസ്താവനകളാണ് ധനമന്ത്രി നിർമ്മല സീതാരാമനെ പൊട്ടിച്ചിരിപ്പിച്ചത്. ബജറ്റ് ഹൽവ ചടങ്ങിൽ ഒരൊറ്റ ട്രൈബൽ, ദളിത്, ഒബിസി ഉദ്യോഗസ്ഥരെ പോലും കാണാൻ ആകുന്നില്ല എന്നായിരുന്നു രാഹുൽ ഗാന്ധി ലോക്സഭയിൽ പരാതിപ്പെട്ടത്. നിങ്ങൾ ഹൽവ കഴിക്കുന്നു, എന്നാൽ ബാക്കിയുള്ളവർക്ക് ഹൽവ ലഭിക്കുന്നില്ല. ബജറ്റ് തയ്യാറാക്കിയ 20 ഉദ്യോഗസ്ഥരുടെ പേരുകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരൊറ്റ ദളിത്, ഒബിസി ഉദ്യോഗസ്ഥർ പോലുമില്ല. എന്നായിരുന്നു രാഹുൽ ഗാന്ധി സഭയിൽ പ്രസ്താവന നടത്തിയത്.
രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന കേട്ട് പൊട്ടിച്ചിരിച്ച നിർമ്മല സീതാരാമൻ പിന്നീട് ചിരി നിർത്താൻ കഴിയാതെ മുഖം പൊത്തി ചിരിക്കുന്ന കാഴ്ചയും ലോക്സഭയിൽ കാണാൻ കഴിഞ്ഞു. ധനമന്ത്രിയുടെ ഈ ചിരി സ്പീക്കർ ഓം ബിർളയിലും ചിരി പടർത്തി. ജാതി വിഷയം സഭയിൽ ഉന്നയിച്ച തന്നെ ധനമന്ത്രി ചിരിച്ചുകൊണ്ട് പരിഹസിക്കുകയായിരുന്നു എന്ന് പിന്നീട് രാഹുൽ ഗാന്ധി എക്സിലെ പോസ്റ്റിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post