ഓണത്തെ പറ്റി കേൾക്കുമ്പോൾ, പലർക്കും പല ഓർമ്മകൾ ആയിരിക്കും മനസ്സിൽ വരുന്നത്. അത് ഓണപ്പൂക്കളം ആകാം, ഓണത്തിന് കളിക്കുന്ന കളികളാകാം. കുടുംബത്തിനൊപ്പമുള്ള ഒത്തുചേരലുകൾ ആകാം. എന്നാൽ ഇതൊക്കെ ഒരു വശത്തുണ്ടെങ്കിലും ഓണം എന്ന് പറയുമ്പോൾ ഏതൊരാളുടെ മനസ്സിലും നാവിന്റെ തുമ്പത്തെ രുചി മുകുളങ്ങളിലും വന്നു നിറയുന്നത് ഓണ സദ്യയാണ്.
തൂശനില വിരിച്ച് തുമ്പപ്പൂ ചോറ് വിളമ്പി, പച്ചടി കിച്ചടി, ഉപ്പേരി പുളിശ്ശേരി മുതൽ വിഭവ സമൃദ്ധമായ ഓണ സദ്യ അതൊരു ഒന്നൊന്നര അനുഭവം തന്നെയാണ്. ബാക്കി എന്തൊക്കെ ഉണ്ടെങ്കിലും ഓണത്തെയും എന്തിന് മലയാളിയെയും തന്നെ നിർവചിക്കുന്നതിൽ ഓണ സദ്യക്ക് ഒരു പ്രധാന പങ്കുണ്ട്.
സദ്യയിൽ ഒരുക്കുന്ന മനോഹരമായ വിഭവങ്ങളേക്കാളും , അതിന്റെ പോഷക സമൃദ്ധിയെക്കാളും കൂടുതൽ ഓണ സദ്യയെ മനോഹരമാക്കുന്നത് എന്നാൽ മറ്റൊരു കാര്യമാണ്. പലർക്കും അറിഞ്ഞു കൂടാത്ത ആകാര്യമാണ് ഓണ സദ്യയുടെ അടിസ്ഥാനംതന്നെ.
വർഷത്തിലൊരിക്കൽ നാട് കാണാൻ വരുന്ന മഹാബലിക്ക് സന്തോഷമാകാനാണ് നമ്മൾ ഓണസദ്യ ഒരുക്കുന്നത് എന്നാണ് ഐതീഹ്യം. മാവേലി നാട് വാണീടും കാലം മാലോകരെല്ലാരും ഒന്ന് പോലെ എന്ന് പാടിയ ആ മനോഹരമായ കാലഘട്ടത്തിൽ തന്നെയാണ് മലയാളികൾ ഇപ്പോഴും എന്ന് കാണിക്കുവാനാണ് വിഭവസമൃദ്ധമായ ഓണ സദ്യ നമ്മൾ ഒരുക്കുന്നത്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍. ഇതില്‍ പായസം മാത്രം ഒന്നോ രണ്ടോ അതിലധികമോ ആയി സ്ഥാനം പിടിച്ചേക്കാം.
ഓണസദ്യ ഒരുക്കി കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിയ്ക്കും മഹാബലിയ്ക്കുമായി വിളമ്പി നല്‍കണം. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ് ചെറുപയര്‍ കൊണ്ടോ, തുവര പരിപ്പ് കൊണ്ടോ ആണ് കറി വയ്ക്കുക. സദ്യയുടെ അവിഭാജ്യ ഘടകമായ സാമ്പാര്‍ വിവിധ ഇടങ്ങളില്‍ പല രീതിയിലാണ് വെയ്പ്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍.
പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി സദ്യയിലെ മധുരമുള്ള കറിയാണ്. കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയിലേതെങ്കിലും തോരന്‍ ഉപയോഗിക്കും. കായ മെഴുക്കു പുരട്ടിയും ചിലയിടങ്ങളില്‍ സാധാരണമാണ്. തൈരു കൊണ്ടുള്ള വിഭവങ്ങളില്‍ കാളനാണ് വടക്ക് ഏറെ പ്രിയം. കുറുക്കു കാളനും, പുളിശ്ശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ ഒഴിച്ചു കറിയായ പുളിശ്ശേരിക്ക് ഉപയോഗിക്കാറുണ്ട്
പായസത്തില്‍ അടപ്രഥമന്‍ തന്നെ പ്രധാനം. പണ്ട് തേങ്ങാപ്പാലാണ് ചേരുവയെങ്കില്‍ ഇന്ന് പാലിലാണ് പ്രഥമന്‍ കൂടുതലും ഉണ്ടാക്കുക. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്.
കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. സ്വത്ത് വിറ്റിട്ടായാലും ഓണ സദ്യ വെക്കണമെന്ന ഈ പഴമൊഴി ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ആചാരം കൂടിയാണെന്ന കാര്യം വ്യക്തമാക്കുന്നു
സുഖ സമൃദ്ധിയിൽ വാഴുന്ന തന്റെ പ്രജകളെ കൺകുളിർക്കെ കണ്ട് വേണം ഓരോ തവണയും മാവേലിയെ നമ്മൾ തിരിച്ചയക്കേണ്ടത്. അപ്പോൾ അടുത്ത തവണ ഓണ സദ്യ വയ്ക്കുമ്പോൾ ഓർക്കുമല്ലോ
Discussion about this post