വിചിത്രമായ സത്യവാങ്മൂലം വിദ്യാർത്ഥികളിൽ നിന്ന് ഒപ്പിട്ടുവാങ്ങി വിവാദത്തിൽ അകപ്പെട്ട് സ്കൂൾ. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയോ സ്വയം മുറിവേൽപ്പിക്കുകയോ ചെയ്താൽ സ്‌കൂൾ അധികൃതരോ ജീവനക്കാരോ ഉത്തരവാദികൾ അല്ലെന്നാണ് ഒപ്പിട്ടുവാങ്ങിയത്. ചൈനയിലെ തെക്കൻ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ വുഹുവ കൗണ്ടിയിലെ ഷുയിസൈ മിഡിൽ സ്‌കൂളാണ് സംഭവം. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും ഇത്തരത്തിൽ ഒരു സാക്ഷ്യപത്രത്തിൽ അധികൃതർ ഒപ്പിടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.
സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷകർത്താവ് ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ജനരോക്ഷം ശക്തമാവുകയും സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കത്ത് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. ഇതേപ്പറ്റി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിശദീകരണം നൽകാൻ സ്‌കൂൾ അധികൃതർ ബാധ്യസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഞാൻ എപ്പോഴും എന്റെ ജീവിതത്തെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഒരു കാരണവശാലും ജീവനൊടുക്കില്ല. ശുഭാപ്തി വിശ്വാസത്തോടെ പോരാടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ഇനി അഥവാ സ്വയം മുറിവേൽപ്പിക്കുകയോ ജീവനൊടുക്കുകയോ ചെയ്താൽ അതിന് സ്‌കൂൾ അധികൃതരുമായോ ജീവനക്കാരുമായോ ബന്ധമുണ്ടായിരിക്കില്ല. എന്റെ മാതാപിതാക്കളോ രക്ഷിതാക്കളോ സ്‌കൂളിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടില്ല. സ്‌കൂളിലെ അദ്ധ്യാപനത്തെ തടസപ്പെടുത്തില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
Discussion about this post