തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ നിലവിൽ ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. ഇതാണ് നിലവിൽ സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത്. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്രാപിച്ച് ന്യൂനമർദ്ദം ആകും. ഇതോടെ മഴ കൂടുതൽ ശക്തമാകും. ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം.
മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതും നിലവിൽ മഴയ്ക്ക് ശക്തി നൽകുനനുണ്ട്. ഈ ന്യൂനമർദ്ദം ദിവസങ്ങൾക്കകം ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകായേക്കാം. മധ്യ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
അതേസമയം മഴ കനക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കൊപ്പം കനത്ത കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് തീരദേശത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരമേഖലയിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post