തിരുവനന്തപുരം: സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റാനുള്ള സർക്കാർ നീക്കം തടഞ്ഞ് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പുതിയ ഗവർണർ ചുമതലയേൽക്കും മുമ്പ് ചില ഉദ്യോഗസ്ഥരെ സർക്കാർ മാറ്റിയിരുന്നു. പകരം ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. ഇത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ കത്ത് നൽകുകയായിരുന്നു .പുതിയ ഗവർണർ പരിശോധിച്ച ശേഷം മതി മാറ്റങ്ങൾ എന്നായിരുന്നു കത്ത്.തുടർന്ന് ഉത്തരവ് മരവിപ്പിച്ചു. സംസ്ഥാനത്തിന്റെ പോലീസ് മേധാവിയുടെ ചുമതലയുള്ള മനോജ് എബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ ഗവർണറെ പരാതി അറിയിച്ചതോടെയാണ് ആർലേക്കറുടെ ഇടപെടൽ. ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തപ്പോൾ ആദ്യം ലഭിച്ച പരാതിയും ഇതു തന്നെയാണ്. രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ ഈ നടപടിക്കു പിന്നിലെ സർക്കാർ ഇടപെടലിൽ പുനരാലോചന നടത്താൻ തീരുമാനിച്ചു. തുടർന്നാണ് മനോജ് ഏബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിച്ചത്. ഗവർണറുടെ സുരക്ഷയിൽ നിന്നു മാറ്റിയവരെ വീണ്ടും അതേ പോസ്റ്റിൽ നിയമിക്കാൻ ഗവർണർ ആവശ്യപ്പെട്ടു.
Discussion about this post