നല്ല കറുകറുത്ത മുടി വേണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ, ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണവും കാലാവസ്ഥയുമെല്ലാം കൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരച്ചു പോവാറുണ്ട്. നരയൊളിപ്പിക്കാൻ മാർക്കറ്റിൽ കിട്ടുന്ന ഡൈ പോലെയുള്ള കെമിക്കലുകളെയാണ് നാമെല്ലാം ആശ്രയിക്കുന്നത്. എന്നാൽ, കെമിക്കൽ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം കളയാതെ, വീട്ടിലുള്ള ചില സംഭവങ്ങൾ കൊണ്ട് തന്നെ അതിശയിപ്പിക്കുന്ന രീതിയിൽ മുടിയ്ക്ക് മാറ്റം കൊണ്ടുവരാം…
നമ്മുടെ വീടിന്റെ ചുറ്റുമുള്ള പറമ്പുകളിൽ സുലഭമായുള്ള ചക്കയിൽ തന്നെ നിങ്ങളുടെ അകാലനര അതിശയിപ്പിക്കുന്ന തരത്തിൽ മാറ്റാനാനുള്ള സൂത്രപ്പണിയുണ്ട്… ചക്ക കഴിച്ച് ബാക്കി വരുന്ന ചക്കക്കുരു പൊതുവെ എല്ലാവരും കളയാറുണ്ട്. എന്നാൽ, ഈ ചക്കക്കുരുവാണ് നിങ്ങളുടെ നര മാറ്റാനുള്ള അത്ഭുത പാക്ക്.
ചക്കക്കുരു, തേയില വെള്ളം, നീലയമരി എന്നിവയാണ് ഇതിന് ആവശ്യമായ സാധനങ്ങൾ. ഇനി എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കുക എന്ന് നോക്കാം…
ആദ്യമായി ഹെന്ന പൗഡർ തയ്യാറാക്കുന്നത് പോലെ, ആദ്യം തന്നെ തേയിലപ്പൊടിയിട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഇത് ചൂടാറാൻ മാറ്റി വച്ച ശേഷം, കുറച്ച് ചക്കക്കുരു തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇതിന് ശേഷം, ഇത് ഒരു ജാറിലിട്ട് നന്നായി പൊടിച്ചെടുക്കണം. ഈ പൊടി അടികട്ടിയുള്ള ഒരു പാത്രത്തിലിട്ട് ലോ ഫ്ളെയിമിൽ നന്നായി വറുത്തെടുക്കുക. ഈ പൊടി നല്ല കറുപ്പ് നിറമായാൽ അടുപ്പിൽ നിന്ന് മാറ്റാം.
ഇതും അൽപ്പ നേരം മാറ്റി വയ്ക്കണം. ഈ പൊടി നന്നായി ചൂടാറി കഴിഞ്ഞാൽ, ഇത് ഒരു തവണ കൂടി ജാറിൽ പൊടിച്ച് തരി കളഞ്ഞ് അരിച്ചെടുക്കണം. ഇതിന് ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയെടുത്ത് അതിലേക്ക ഈ പൊടി രണ്ടോ മൂന്നോ സ്പൂൺ ഇട്ട് കൊടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഹെന്ന പൊടി, മൂന്ന് സ്പൂൺ നീലയമരി എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി മാറ്റിവച്ച തേയിലവെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക.
ഈ മിശ്രിതം എട്ട് മണിക്കൂറോളം അടച്ചു വയ്ക്കണം. ഇതിന് ശേഷം നരയിൽ നന്നായി തേച്ചു കൊടുക്കുക. അൽപ്പം പോലും എണ്ണമയമില്ലാത്ത മുടിയിൽ വേണം പാക്ക് ഇട്ടു കൊടുക്കാൻ. ഒന്നര മണിക്കൂർ തലയിൽ വച്ചതിന് ശേഷം, ഇത് കഴുകി കളയാം.
Discussion about this post