പുകവലിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്കും ശ്വാസകോശത്തിന് പരിഹരിക്കാനാവാത്ത നാശവും വരുത്താന്‍ പുകവലിക്ക് കഴിയും. എന്നാല്‍ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസില്‍ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരുടെ ആയുസില്‍ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്!
പ്രതിദിനം 20 സിഗരറ്റുകളുടെ ഒരു പായ്ക്കറ്റ് ഏകദേശം ഏഴ് മണിക്കൂര്‍ ആയുസ്സ് എടുക്കുമെന്ന് കണക്കാക്കാം. ഒരിക്കലും പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജീവിതത്തിലുടനീളം പുകവലിക്കുന്ന ആളുകള്‍ക്ക് ശരാശരി 10 വര്‍ഷത്തെ ജീവിതം നഷ്ടപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. അഡിക്ഷന്‍ ജേണലിലെ എഡിറ്റോറിയലില്‍ ഞായറാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്.
മധ്യവയസ്‌കര്‍ മുതല്‍ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതു പ്രായക്കാര്‍ക്കും പുകവലി നിര്‍ത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു.
പുകയിലയ്ക്ക് പകരം സുരക്ഷിതമായ ഒന്നെന്ന ധാരണയില്‍ പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിഗരറ്റ്. നിക്കോട്ടീനും പ്രോപ്പിലീന്‍ ഗ്ലൈക്കോളും ഫ്ളേവറുകളും ചില രാസവസ്തുക്കളും ചേര്‍ന്ന ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഇ-സിഗരറ്റിലുള്ളത്. ഇവ ചൂടാകുമ്പോള്‍ ഉണ്ടാകുന്ന നീരാവിയാണ് വേപ്പര്‍മാര്‍ ശ്വാസകോശത്തിലേക്ക് എടുക്കുന്നത്.എന്നാല്‍ സിഗരറ്റ് വലി പോലെ തന്നെ ഒട്ടും സുരക്ഷിതമല്ല ഇ-സിഗരറ്റുകളെന്നും ഇവ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post