മലപ്പുറം: ആളുകള്‍ക്കിടയില്‍ കൂടിവരുന്ന ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സര്‍വേയില്‍ പങ്കെടുത്ത 3.78 ലക്ഷം പേരില്‍ 1.80 ലക്ഷം പേര്‍ക്കും രോഗസാദ്ധ്യതയെന്ന് കണ്ടെത്തല്‍. ഇതില്‍ തന്നെ കാന്‍സര്‍ സാദ്ധ്യതയുള്ളത് 12,469 പേര്‍ക്കാണ്.
ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ പേരും സ്തനാര്‍ബുദ സാദ്ധ്യതയുള്ളവരാണ് 6,262 പേരാണ് ഈ സാദ്ധ്യതയിലുള്ളവര്. . വായിലെ കാന്‍സറിന് 2,734, ഗര്‍ഭാശയ കാന്‍സറിന് 3,473 പേര്‍ക്കും സാദ്ധ്യത കണ്ടെത്തി. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 17,331 പേരിലാണ്. 41,776 പേരില്‍ രക്തസമ്മര്‍ദവും 36,311 പേരില്‍ പ്രമേഹ സാദ്ധ്യതയും കണ്ടെത്തി. 15,589 പേര്‍ക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതലുള്ള കണക്കാണിത്. പരിശോധനയ്ക്ക് വിധേയമായവരില്‍ 94,136 പേര് 60ന് മുകളില്‍ പ്രായമുള്ളവരാണ്. 6,694 പേര് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരും 4,048 പേര് കിടപ്പിലായവരുമാണ്.
ഇത്തരത്തില്‍ രോഗ സാദ്ധ്യതയുള്ളവരില്‍ പാപ്സ്മിയര്‍, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.
എങ്ങനെയാണ് സര്‍വ്വേ
ആശാവര്‍ക്കര്‍മാര്‍ ഓരോ വീടുകളിലുമെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. ഒപ്പം ക്യാന്‍സര്‍, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
സര്‍വേയില്‍ ഹൈറിസ്ക് കാറ്റഗറിയില്‍പ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് സ്ക്രീന്‍ ചെയ്യും. പ്രഷര്‍, ഷുഗര്‍ എന്നിവയാണ് ഇവിടെ വെച്ച് സ്ക്രീന്‍ ചെയ്യുന്നത്. ക്യാന്‍സര്‍, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്.
Discussion about this post