ന്യൂഡല്‍ഹി: രാജ്യമെമ്പാടും സ്വകാര്യ ബാങ്കുകളില്‍ നിന്നും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിന്നും ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നത് (അട്രിഷന്‍) വര്‍ധിക്കുന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഈ ബാങ്കുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നവരുടെ നിരക്ക് (അട്രിഷന്‍ റേറ്റ്) 25 ശതമാനമാണ്.
മൊത്തം ജീവനക്കാരില്‍ എത്ര ശതമാനം പേരാണ് ജോലി വിട്ടുപോകുന്നതെന്നാണ് അട്രിഷന്‍ നിരക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ജീവനക്കാരിലെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വര്‍ധിക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തിനു തന്നെ ഭീഷണിയായിത്തീരാമെന്നും ഇതിന്റെ പ്രത്യാഘാതമായി ഉപഭോക്തൃ സേവനം തടസ്സപ്പെടാനും റിക്രൂട്‌മെന്റ് ചെലവ് വര്‍ധിക്കാനും ഇത് ഇടയാക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..
2023-24ല്‍ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ മൊത്തം എണ്ണം പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണത്തെ മറികടന്നിരുന്നു. എങ്കിലും ഇതില്‍ ജോലിയില്‍ ഉറച്ചുനില്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ട്. ജോലിയില്‍ പ്രവേശിക്കുന്നവര്‍ നിലനില്‍ക്കുന്നില്ല. കഴിഞ്ഞ 3 വര്‍ഷത്തിനിടയ്ക്കാണ് അട്രിഷന്‍ നിരക്ക് ഉയര്‍ന്ന തോതിലായത്.
എച്ച്ആര്‍ വിഷയമായി മാത്രം ഇത്തരം ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനെ കാണരുതെന്ന് ആര്‍ബിഐ പല തവണ ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.കൊഴിഞ്ഞുപോക്കിനെ നേരിടാനായി മെച്ചപ്പെട്ട റിക്രൂട്‌മെന്റ് രീതികള്‍ നടപ്പാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം, ട്രെയ്‌നിങ്, കരിയര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍, മെന്ററിങ് തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ആര്‍ബിഐ പറയുന്നു.
Discussion about this post