ന്യൂഡൽഹി: വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ശുഭസൂചനയുണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകനായ സാമൂവൽ ജെറോം. മദ്ധ്യസ്ഥ ചർച്ചകൾ പോലും ഇനിയും തുടങ്ങാത്ത സാഹചര്യത്തിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകണമെങ്കിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സാമുവൽ ജെറോം വ്യക്തമാക്കി.
മാനുഷിക പരഗണനയിൽ നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടൽ നടത്താമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. യെമനും ഇറാനും നല്ല ബന്ധത്തിലായതിനാൽ, മാനുഷിക ഇടപെടൽ നടത്താനാവുമെന്നാണ് ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ ഇറാന്റെ മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥൻ അറിയിച്ചത്. യെമൻ ഭരണകൂടവുമായി ചർച്ച നടത്താനുള്ള സാധ്യതകൾ ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതോടെ, വീണ്ടും പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ കുടുംബം.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയിരുന്നു. ഒരു മാസത്തിനുള്ളിൽ വധശിക്ഷ നടത്താനാണ് നിർദേശമെന്നാണ് സറിപ്പോർട്ടുകൾ. ഇക്കാര്യം അഭിഭാഷകനെ അറിയിച്ചതായും പിന്നാലെ നിമിഷ പ്രിയയുടെ അമ്മയെയും കാര്യങ്ങൾ ധരിപ്പിച്ചതായും സാമുവൽ ജെറോം അറിയിച്ചിരുന്നു. നിമിഷ പ്രിയയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം.
വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ ആണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബത്തിന് ദയാധനം നൽകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് വിഫലം ആകുകയായിരുന്നു. ഇതോടെയാണ് പ്രസിഡന്റ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. ഇനി കുടുംബം മാപ്പ് നൽകിയാൽ മാത്രമേ മോചനം സാദ്ധ്യാമാകുകയുള്ളൂ. ഇതിനായുള്ള ശ്രമങ്ങൾ ആണ് ഇനി നടക്കുക. കുടുംബം മാപ്പ് നൽകിയാൽ നിമിഷ പ്രിയയ്ക്ക് മോചനം ലഭിക്കും. 2017 ലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. യെമൻ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Discussion about this post