എന്തൊരു കെട്ടകാലം ആണ്,നശിച്ചുപോയ യുവതലമുറ…എല്ലായ്‌പ്പോഴും വളർന്നുവരുന്ന തലമുറയെ നോക്കി പഴയതലമുറ പരിതപിക്കുന്ന കാര്യമാണിത്. എന്നാൽ ഇന്നത്തെ കാലത്തെ ഒരു വിലയിരുത്തലുകൾക്കും ഇടകൊടുക്കാതെ ലോകത്തിന്റെ എല്ലാ അനന്ത സാധ്യതകളും ഉപയോഗിച്ച് പുതുതലമുറ ജീവിതം ആസ്വദിക്കുകയാണ്. ബന്ധങ്ങളിൽ പോലും ഒരു ന്യൂജൻ ടച്ച് ഇന്ന് കാണാം. ജനറേഷൻ സീ എന്നറിയപ്പെടുന്ന വിഭാഗം തലമുറകൾക്കിടയിൽ ഇപ്പോൾ വ്യാപകമാകുന്ന ഒന്നാണ് സിമ്മർ ഡേറ്റിംഗ്. പങ്കാളിയെ ശടപടായെന്ന് തിരഞ്ഞെടുക്കാതെ, സമയമെടുത്ത് പരസ്പരം മനസിലാക്കി ബന്ധം കെട്ടിപ്പടുക്കുന്നതിനാണ് യുവജനത പ്രാധാന്യം നൽകുന്നത്.
പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കി ദൃഢമായ ബന്ധം വളർത്താൻ താൽപര്യപ്പെടുന്നവരാണ് ഇന്ന് അധികവും. ശാരീരിക അടുപ്പം സൃഷ്ടിക്കുന്നതിനും അതുവഴി പ്രണയബന്ധത്തിൽ വേഗത്തിൽ കമ്മിറ്റഡാകുന്നതിനും പകരം വൈകാരിക അടുപ്പത്തിനു ജെൻ സി മുൻതൂക്കം നൽകുന്നു. എല്ലാ കാര്യങ്ങളിലും പരസ്പരം എത്രത്തോളം യോജിച്ചു പോകാനാകുന്നു എന്ന് പൂർണമായി മനസ്സിലാക്കാനുള്ള സമയമെടുക്കാൻ ഇവർ തയാറുമാണ്. നിരാശ ഉണ്ടാവാനുള്ള സാധ്യത പരമാവധി കുറച്ചുകൊണ്ട് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് സമയമെടുത്ത് മനസ്സിലാക്കാനുള്ള വൈകാരിക ബുദ്ധി സിമ്മർ ഡേറ്റിങ്ങിനു പ്രാധാന്യം നൽകുന്നവർക്കുണ്ട്.
പരസ്പരം അയയ്ക്കുന്ന ആദ്യ സന്ദേശം മുതൽ അവസാന കണ്ടുമുട്ടൽ വരെയുള്ള ഓരോ കാര്യങ്ങളും വ്യക്തമായി വിശകലനം ചെയ്ത് ഘട്ടം ഘട്ടമായി മാത്രം ആ വ്യക്തിയിലേയ്ക്ക് കൂടുതൽ അടുക്കുന്നതാണ് രീതി. ബാഹ്യസൗന്ദര്യത്തിനും പെരുമാറ്റത്തിനുമപ്പുറം പങ്കാളിയുടെ നെഗറ്റിവിറ്റികൾ മനസ്സിലാക്കാനുള്ള സമയം ഇരുവർക്കും ഇതിലൂടെ ലഭിക്കുന്നു.വ്യക്തിഗത വളർച്ചകളും ലക്ഷ്യങ്ങളും ബന്ധത്തിനിടെ ഇവർ മറക്കുന്നില്ല. സിമ്മർ ഡേറ്റിങ് അത്തരത്തിൽ ഓരോ വ്യക്തിക്കും ഏറ്റവും അനുയോജ്യരെന്ന് ഉറപ്പുള്ള പങ്കാളിയെ കണ്ടെത്താനുള്ള മികച്ച അവസരമാണ് തുറന്നു വയ്ക്കുന്നത്. മാനസികാരോഗ്യത്തിനു പുതുതലമുറ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉദാഹരണമായിക്കൂടി ഈ പുതിയ ട്രെൻഡിനെ കാണാം.
Discussion about this post