കോടികള്‍ മുടക്കി വാങ്ങിയ ഒരു വാഹനം അതിന്റെ തുടക്കത്തില്‍ തന്നെ പണിമുടക്കിയാല്‍ എങ്ങനെയുണ്ടാകും. റെയ്മണ്ട് ഗ്രൂപ്പിന്റെ മാനേജിങ് ഡയക്ടര്‍ ഗൗതം സിംഘാനിയയ്ക്കാണ് ഈ അവസ്ഥ നേരിട്ടത്. ഇതോടെ വാഹനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, പോസ്റ്റ് ചെയ്തത് ഗുരുതര ആരോപണമായിട്ടും വാഹന നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ഇല്ലാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ അഞ്ചാം തീയതിയാണ് കോടികള്‍ മുടക്കി വാങ്ങിയ തന്റെ പുതിയ ലംബോര്‍ഗിനി റൂവുള്‍ട്ടോ, ഇലക്ട്രിക് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ഓട്ടത്തിനിടയില്‍ നിന്നുപോയതും വാഹനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഗൗതം സിംഘാനിയ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതും. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ ‘ഞാന്‍ ഒരു ടെസ്റ്റ് ഡ്രൈവിനായി എന്റെ ലംബോര്‍ഗിനി റൂവുള്‍ട്ടോ എടുത്തു. എന്നാല്‍, കുറച്ചുദൂരം ഓടിയപ്പോള്‍ തന്നെ ഇലക്ട്രിക് സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്ന് വാഹനം ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ കുടുങ്ങി. ഇതൊരു പുതുപുത്തന്‍ കാറാണ്. ഈ വാഹനനിര്‍മാതാക്കളുടെ വിശ്വാസ്യത സംശയിക്കേണ്ടിവരും. ഡെലിവറി കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ ഈ പ്രശ്നം നേരിടുന്ന മൂന്നാമത്തെ സംഭവമാണിത് ‘
ലംബോര്‍ഗിനി ഇന്ത്യയുടെ മേധാവി ശരദ് അഗര്‍വാള്‍, ഏഷ്യ ഹെഡ് ഫ്രാന്‍സെസ്കോ സ്കാര്‍ഡോണി എന്നിവരെ മെന്‍ഷന്‍ ചെയ്താണ് ഗൗതമിന്റെ പുതിയ മെസേജ്. ഇവരുടെ ധാര്‍ഷ്ട്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. വാഹനം സ്വന്തമാക്കിയ ഒരു ഉപയോക്താവിന്റെ പരാതി എന്താണെന്ന് അറിയുന്നതിന് പോലും ഒരാളും തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്നാണ് കുറ്റപ്പെടുത്തല്‍.
Discussion about this post