ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ഇന്ത്യയിലെ വിവിധ ഭാഷകളിലായി മികച്ച പ്രദർശനം തുടരുകയാണ്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാൻ തയ്യാറെടുക്കുകയാണ് മാർക്കോ. ഇന്ത്യൻ സിനിമകൾ വളരെ അപൂർവമായി മാത്രം റിലീസ് ചെയ്യാനുള്ള ദക്ഷിണകൊറിയയിലേക്കാണ് ഇനി മാർക്കോയുടെ യാത്ര.
കൊറിയൻ സിനിമകളോട് സാമ്യമുള്ള ചിത്രം എന്നായിരുന്നു മാർക്കോ കണ്ട വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്. കൊറിയൻ സിനിമകളെ കടത്തിവെട്ടുന്ന രീതിയിലുള്ള വയലൻസും ചിത്രത്തിൽ ഉണ്ടെന്നും അഭിപ്രായമുയർന്നിരുന്നു. ഇപ്പോൾ കൊറിയൻ പ്രേക്ഷകർക്ക് മുൻപിലേക്ക് നേരിട്ട് എത്തുകയാണ് മാർക്കോ.
ബാഹുബലി എന്ന ചിത്രത്തിനു ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം കൊറിയയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ ബാഹുബലി പ്രദർശിപ്പിച്ചതിന്റെ ഇരട്ടി സ്ക്രീനുകളിൽ ആണ് മാർക്കോ പ്രദർശിപ്പിക്കുന്നത്. ആക്ഷനോടും വയലൻസിനോടുമുള്ള കൊറിയൻ പ്രേക്ഷകരുടെ പ്രിയം മാർക്കോക്ക് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ലാണ് ബാഹുബലി 2 ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്തിരുന്നത്. എന്നാൽ ദക്ഷിണ കൊറിയയിൽ ആകെയായി 24 സ്ക്രീനുകളിൽ മാത്രമായിരുന്നു ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ മാർക്കോ 100ലേറെ സ്ക്രീനുകളിൽ ആണ് കൊറിയയിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്തരത്തിൽ ദക്ഷിണകൊറിയയിൽ വലിയ രീതിയിലുള്ള പ്രദർശനം നടത്താൻ ഒരുങ്ങുന്നത്. ഇതിനായി ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സും മാര്‍ക്കോ ടീമും ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷൻ കരാർ ആണ് ഉണ്ടാക്കിയിട്ടുള്ളത്. മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ തങ്ങളെ ശരിക്കും ആകർഷിച്ചു എന്നും അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ സിനിമ ഒരു ഗെയിം ചേഞ്ചർ ആയി മാറും എന്നുമാണ് നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീ മാർക്കോയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
Discussion about this post