ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയിൽ പങ്കെടുക്കും. ഫെബ്രുവരി 5 ന് നരേന്ദ്ര മോദി മഹാകുംഭത്തിൽ പുണ്യസ്നാനത്തിനായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ത്രിവേണി സംഗമത്തിൽ വിശുദ്ധ സ്നാനം നടത്തും.
നേതാക്കളുടെ സുഗമവും സുരക്ഷിതവുമായ സന്ദർശനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ ഭരണപരവും സുരക്ഷാപരവുമായ ഒരുക്കങ്ങൾ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 27 ന് മഹാകുംഭമേളയിൽ പങ്കെടുക്കും. സന്ദർശന വേളയിൽ അദ്ദേഹം സംഗമത്തിൽ വിശുദ്ധ സ്നാനം ചെയ്യുകയും ഗംഗാപൂജ നടത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഫെബ്രുവരി ഒന്നിന് നടക്കുന്ന സംഗമ സ്നാനത്തിൽ ആണ് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പുണ്യസ്നാനം നടത്തുക. രാഷ്ട്രപതി ദ്രൗപതി മുർമു ഫെബ്രുവരി 10 ന് പ്രയാഗ് രാജ് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സുപ്രധാന നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത്, നഗരത്തിലെ പ്രധാന റോഡുകളിലും കവലകളിലും ഇവൻ്റ് വേദികളിലും സുരക്ഷാ ഏജൻസികൾ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക നിരീക്ഷണമടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉത്തർപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നുണ്ട്.
Discussion about this post