ബീജിങ് : ഡൊണാൾഡ് ട്രംപിന്റെ തീരുവ ചുമത്തൽ തീരുമാനത്തിന് മറുപടിയുമായി ചൈന. അമേരിക്കയ്ക്ക് മേൽ 15% വരെ തീരുവ ചുമത്തിയതായി ചൈന പ്രഖ്യാപിച്ചു. അമേരിക്കയ്ക്കെതിരെ നിരവധി ഉൽപ്പന്നങ്ങൾക്ക് പ്രതികാര നികുതി ചുമത്തുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയം ആണ് പ്രഖ്യാപിച്ചത് .
കൽക്കരി, എൽഎൻജി ഉൽപ്പന്നങ്ങൾക്ക് ചൈന 15 ശതമാനം തീരുവ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ, അസംസ്കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ കാറുകൾ എന്നിവയ്ക്ക് 10 ശതമാനം തീരുവ ചുമത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ യുദ്ധത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ഒരു വ്യാപാരയുദ്ധത്തിനാണ് തുടക്കമാകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഒരു വ്യാപാര യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. രണ്ട് ദിവസങ്ങൾക്കു മുൻപാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% തീരുവ ചുമത്തിയിരുന്നത്. ചൈനയെ കൂടാതെ മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കും തീരുവ ചുമത്തിയിരുന്നെങ്കിലും ഈ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. മെക്സിക്കോ പ്രസിഡണ്ടും കനേഡിയൻ പ്രധാനമന്ത്രിയും ആയി നടത്തിയ ചർച്ചയെ തുടർന്ന് ഒരു മാസത്തേക്കാണ് തീരുമാനം മരവിപ്പിച്ചിരിക്കുന്നത്.
Discussion about this post