ഇസ്ലാമാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും കഷ്ടത നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് പാകിസ്താൻ കടന്ന് പോകുന്നത്. ഭക്ഷ്യക്ഷാമം രാജ്യത്തിന്റെ സ്ഥിരതയെ ഇല്ലാതാക്കിയിട്ടുണ്ട്. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാറ്റിനും രാജ്യത്ത് ഭീമമായ വിലയാണ്. ഇതോടെ പൊറുതിമുട്ടിയിരിക്കുകയാണ് പാകിസ്താനിലെ ജനങ്ങൾ.
സ്ഥിതി ഇത്രയേറെ ഗുരുതരം ആയിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പാക് ഭരണകൂടം ശ്രമിക്കുന്നില്ല. ജനങ്ങൾ പട്ടിണികിടക്കുമ്പോൾ സ്വന്തം ഖജനാവുകൾ നിറയ്ക്കാനുള്ള ഓട്ടത്തിലാണ് അധികാരികൾ. ഇതിനിടെയാണ് ചാന്ദ്രപര്യവേഷണവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയത്. ഇത് ജനങ്ങളിൽ വലിയ രോഷത്തിന് കാരണം ആയിട്ടുണ്ട്.
അടുത്തിടെയാണ് ചാന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷണ ധ്രുവത്തിൽ ഇറക്കി ഇന്ത്യ ചരിത്രം കുറിച്ചത്. ഇതിൽ അസൂയ പൂണ്ട പാകിസ്താൻ ചൈനയെ കൂട്ടുപിടിച്ച് സമാന ദൗത്യത്തിന് ഇറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രഖ്യാപനം. സൂപ്പാർകോ ( എസ് യു പി എ ആർ സി ഒ) റോവർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഉടൻ വിക്ഷേപണം നടത്തും എന്നാണ് ഷഹബാസ് പറയുന്നത്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠനം നടത്തുകയാണ് ഈ റോവറിന്റെ ലക്ഷ്യം. ദൗത്യം വിജയിക്കാൻ ഗവേഷകർ കഠിനമായ പരിശ്രമം നടത്തുകയാണ്. ചന്ദ്രനിൽ അധികം വൈകാതെ ഒരു പാകിസ്താൻ ഉണ്ടാക്കുമെന്നും ഷഹബാസ് പറയുന്നു.
ചൈനയുമായി ചേർന്നാണ് പാകിസ്താന്റെ ചാന്ദ്രദൗത്യം. എന്നാൽ ഈ റോവർ നിർമ്മിക്കുന്നത് പാകിസ്താനാണ്. ഭീമമായ ചിലവാണ് ഇതിന് വരുക. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ റോവറിനായി ഇത്രയും പണം മുടക്കുന്നതാണ് ആളുകളിൽ വലിയ പ്രതിഷേധം ഉളവാക്കിയിരിക്കുന്നത്.
ഒരു നേരത്തെ അരിയ്ക്കായി പിച്ചപാത്രം എടുത്ത് ലോകരാജ്യങ്ങൾക്ക് മുൻപിൽ തെണ്ടേണ്ട അവസ്ഥയാണ് പാകിസ്താനുള്ളത്. ഇതിനിടെയാണ് ചന്ദ്രനിൽ പുതിയ പാകിസ്താൻ ഉണ്ടാക്കുമെന്ന ഷഹബാസിന്റെ പ്രഖ്യാപനം. ആരെയാണ് പ്രധാനമന്ത്രി മണ്ടന്മാർ ആക്കുന്നത് എന്ന് പാകിസ്താനിലെ ജനങ്ങൾ ചോദിക്കുന്നു. രൂക്ഷമായ പരിഹാസവും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
ഞങ്ങൾ ഇപ്പോൾ തന്നെ ചന്ദ്രനിലാണ് ജീവിക്കുന്നത് എന്നാണ് പാകിസ്താനികൾ പരിഹസിക്കുന്നത്. ഞങ്ങൾ ചന്ദ്രനിലാണ് ജീവിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലേ?. ചന്ദ്രനിലുള്ള മണ്ണും കല്ലും ഇവിടെയുമുണ്ട്. ചന്ദ്രനിൽ വൈദ്യുതിയില്ല, ഇവിടെയും. ചന്ദ്രനിൽ ഇന്ധനമില്ല, പാകിസ്താനിലും അത് അങ്ങനെ തന്നെയാണ്. പക്ഷെ ഒരു വ്യത്യാസം ഉണ്ട്. ചന്ദ്രനിൽ വെള്ളമുണ്ട്. പാകിസ്താനിൽ വെള്ളമില്ലെന്നും ആളുകൾ പറയുന്നു.
ഞങ്ങൾക്ക് വേണ്ടത് റൊട്ടിയും ബിരിയാണിയും ആണ്. ചന്ദ്രനെ നോക്കി സ്വപ്നം കാണുന്ന പ്രധാനമന്ത്രി അത് ഓർക്കണം. നടക്കാത്ത സ്വപ്നങ്ങൾ കണ്ട് സമയം കളയുകയല്ല വേണ്ടതെന്നും പാകിസ്താനിലെ ജനങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post