ബംഗൂരു: ഒരാഴ്ച നീണ്ട ആകാശപ്പൂരത്തിന് ആയിരുന്നു ഇന്നലെയോടെ ബംഗളൂരുവിൽ സമാപനം ആയത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനം ആയ എയ്റോ ഷോയ്ക്ക് പര്യവസാനം ആയി. കണ്ണഞ്ചിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾക്കായിരുന്നു ദിവസങ്ങളോളം ബംഗളൂരുവിലെ യെലഹങ്ക വ്യോമതാവളം വേദിയായത്.
ഇക്കഴിഞ്ഞ ഒൻപതിന് ആയിരുന്നു എയ്റോ ഷോയ്ക്ക് തുടക്കമായത്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ഒപ്പമിരുത്തി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ് തേജസ് വിമാനം പറത്തിയായിരുന്നു ഉദ്ഘാടനം. ഇതിന് പിന്നാലെ വിവിധ പരാപാടികൾക്ക് തുടക്കമായി.
ആദ്യത്തെ മൂന്ന് ദിവസം ബിസിനസ് ദിവസങ്ങൾ ആയിരുന്നു. വിവിധ ഡീലേഴ്സുമായുള്ള ചർച്ചകളും ബിസിനസും ഈ ദിവസങ്ങളിൽ നടന്നു. പിന്നീടുള്ള ദിവസങ്ങളിൽ ആയിരുന്നു വ്യോമാഭ്യാസ പ്രകടനവും പ്രദർശനവും. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളുടെ വ്യോമ വിമാനങ്ങൾ എയ്റോ ഷോയിൽ മാറ്റുരച്ചു.
വിവിധ രാജ്യങ്ങളിലെ വ്യോമസേനകളുടെ അഭ്യാസ പ്രകടനം കാണാൻ ലക്ഷക്കണക്കിന് ആളുകൾ ആണ് യെലഹങ്കയിൽ എത്തിയത്. ഇതിന് പുറമേ വിദേശത്ത് നിന്നുള്ള മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, സൈനികർ, വ്യവസായികൾ എന്നിങ്ങനെയുള്ളവരും എത്തിയിരുന്നു. ഇത്രയേറെ തിരക്കുണ്ടായിട്ടും ഇവിടെയെത്തിയവരിൽ ആർക്കും യാതൊരു അലേസരവും ഉണ്ടായില്ല എന്നതാണ് പ്രത്യേകത. അത്രേയേറെ മികച്ചതായിരുന്നു ഷോയുടെ സംഘാടനം. ആസൂത്രണത്തിലും നടത്തിപ്പിലും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നുവെന്ന് എയ്റോഷോയിൽ എത്തിയവർക്ക് ആദ്യ ദിനം തന്നെ വ്യക്തമായിരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളി ആണ് എന്നതാണ് ഏറെ ശ്രദ്ധേയം
വ്യോമതാവളത്തിന്റെ ഭരണവിഭാഗം മേധാവിയ്ക്കാണ് എയ്റോ ഷോയുടെ നടത്തിന്റെ മുഴുവൻ ചുമതലയും ഉണ്ടാകുക. ആസൂത്രണം മുതൽ ഈ ചുമതല അദ്ദേഹം കൃത്യമായി നിർവ്വഹിക്കണം. ഇക്കുറി ഈ ചുമതല ലഭിച്ചത് കാസർകോട് സ്വദേശിയ്ക്കാണ്. മുള്ളേരി നിവാസിയായ ഗ്രൂപ്പ് ക്യാപ്റ്റൻ എ.പി രാജേഷാണ് ഇപ്പോൾ വ്യോമതാവളത്തിന്റെ ഭരണവിഭാഗം മേധാവി.
ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ പരിപാടിയ്ക്കായി മാസങ്ങൾ നീണ്ട ആസൂത്രണവും അധ്വാനവും ആവശ്യമാണ്. എല്ലാം കൃത്യമായി നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എയ്റോ സ്പേസ് കമ്പനികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുക, പ്രതിരോധ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കുക, വ്യോമമേഖലയിൽ താത്പര്യമുള്ളവരെ ഷോയിൽ എത്തിക്കുക എന്നിവ ഷോ തുടങ്ങുന്നതിന് മുൻപുള്ള കാര്യങ്ങളാണ്. ഇത് അദ്ദേഹം യാതൊരു തെറ്റോ കുറ്റമോ ഇല്ലാതെ നടപ്പിലാക്കി. സുരക്ഷ, ആളുകളുടെ നിയന്ത്രണം, ഗതാഗത നിയന്ത്രണം എന്നിവയെല്ലാം പരാതിയ്ക്ക് ഇടനൽകാതെ കൃത്യമായി അദ്ദേഹം നടപ്പിലാക്കി. രാജേഷിന് പുറമേ വിവിധ വകുപ്പുകളെ നിയന്ത്രിക്കാൻ മുൻപിൽ ഉണ്ടായിരുന്നതും മലയാളികൾ ആയിരുന്നു.
എയ്റോഷോയുടെ സുഗമമായ നടത്തിപ്പിൽ വലിയ പങ്കുവഹിച്ച വിഭാഗം ആയിരുന്നു എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ്. അഭ്യാസ പ്രകടനത്തിന് ഇറങ്ങുന്ന വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇവരാണ്. വിംഗ് കമാൻഡർ ഉണ്ണിത്താൻ ആയിരുന്നു ഇക്കുറി എടിസിയെ നിയന്ത്രിച്ചത്. സീനിയർ എയർ ട്രാഫിക് കൺട്രോളർ വിംഗ് കമാൻഡർ സുനിൽ നൈനാൻ, വിംഗ് കമാൻഡർ എം.സ്. മാത്യൂ, സ്വാഡ്രൺ ലീഡർ രാജേഷ്,എം.ടി. മനോജ് എന്നീ മലയാളികളും സംഘത്തിൽ ഉണ്ടായിരുന്നു.
മുള്ളേരി സ്വദേശി വിജയകുമാർ നായരുടെയും ശാന്തയുടെയും മകനാണ് രാജേഷ്. കാസർകോട് ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ രാജേഷ് 1996 ൽ ആയിരുന്നു വ്യോമസേനയിൽ ചേരുന്നത്. അന്ന് അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കേളേജിൽ പി.ജി പഠിക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ സ്പെഷ്യലൈസേഷനോടെയാണ് ഭരണവിഭാഗത്തിൽ അദ്ദേഹം എത്തിപ്പെട്ടത്.
Discussion about this post