എറണാകുളം: വിശാഖപട്ടണം ചാരക്കേസിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ. കടമക്കുടി സ്വദേശി പി. എ അഭിലാഷ്, ഉത്തര കന്നഡയിൽ നിന്നും വേതൻ ലക്ഷ്മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ നേരത്തെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെയാണ് എൻഐഎ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഐഎ ഓഫീസിൽ എത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം തുടർനടപടികളിലേക്ക് കടക്കും. മൂന്ന് പേരും കാർവാർ താവളത്തിന്റെ ചിത്രങ്ങളും നാവിക നീക്കങ്ങളുടെ വിശദാംശങ്ങളും പാകിസ്താൻ ചാര ഏജൻസിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഇതിന് പണം പറ്റിയിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊച്ചി നാവിക താവളത്തിലെയും കാർവാർ നാവിക താവളത്തിലെയും നിർണായക വിവരങ്ങളും നീക്കങ്ങളും പാകിസ്താൻ ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. ഈ കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. സമൂഹമാദ്ധ്യമം വഴിയായിരുന്നു പാകിസ്താൻ ഏജൻസിയിലെ ചാരവനിതയെ ഇവർ പരിചയപ്പെട്ടത്. പിന്നാലെ നിർണായക വിവരങ്ങൾ ചോർത്തി നൽകി പണം പ്രതിഫലമായി സ്വീകരിക്കുകയായിരുന്നു.
സംഭവത്തിൽ അഭിലാഷിനെ കഴിഞ്ഞ വർഷം ആയിരുന്നു എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ഇയാൾക്ക് പുറമേ അരുമാനൂർ സ്വദേശിയായ അഭിഷേകിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അഭിലാഷിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയായിരുന്നു. പിന്നീടും അഭിലാഷിനെ നിരീക്ഷിക്കുന്നത് സംഘം തുടർന്നു. തെളിവുകൾ ലഭിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post