ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ മദ്റസയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.റമദാൻ വ്രത മാസത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ ചടങ്ങായിരുന്നു ഇത്.
ഉന്നത മതപുരോഹിതൻ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയം മദ്രസയിൽ ജുമുഅ നമസ്കാരം പുരോഗമിക്കുകയായിരുന്നു. പ്രാർത്ഥന ഏകദേശം അവസാനിക്കാനായതോടെ കെട്ടിടത്തിനുള്ളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ചാവേർ സ്ഫോടനം ആയിരുന്നു സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഒരു ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ അകോറ ഖട്ടക്കിലാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ പോലീസ് മേധാവി അബ്ദുൾ റാഷിദ് പറഞ്ഞു.
ജംഇയ്യത്ത്-ഇ-ഉലമ ഇസ്ലാം (ജെയുഐ) പാർട്ടിയുടെ ഒരു വിഭാഗത്തിന്റെ തലവനായ ഹമീദുൽ ഹഖും മരിച്ചവരിൽ ഉൾപ്പെടുന്നു. “താലിബാന്റെ പിതാവ്” എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖിന്റെ മകനാണ് കൊല്ലപ്പെട്ട പുരോഹിതൻ ഹഖ്.
ആക്രമണത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിക്കുകയും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ ഉത്തരവിടുകയും ചെയ്തു.
1947ൽ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച മദ്റസയാണ് സ്ഫോടനത്തിൽ തകർന്നത്. ഏതാനും വിദ്യാർഥികൾക്ക് പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു.
Discussion about this post