ഭക്ഷണപ്രിയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണ് മുട്ട. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള മുട്ട ദിവസേന ഭക്ഷണത്തിൽ ഏർപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഡയറ്റ് എടുക്കുന്നവർ മുട്ടയ്ക്ക് വലിയ പ്രാധാന്യം തന്നെ നൽകാറുണ്ട്. എന്നാൽ മുട്ട അതിന്റെ പൂർണ ആരോഗ്യഗുണത്തോടെ കഴിക്കണം എന്നതിനെക്കുറിച്ച് അധികം ആർക്കും അറിവില്ല.
പകുതി വേവിച്ച മുട്ടയാണ് ആരോഗ്യത്തിന് ഏറെ നല്ലത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ മുട്ട നന്നായി വേവിച്ചതിന് ശേഷമേ കഴിക്കാവൂ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. നിശ്ചിത സെക്കൻഡിലധികം നേരം മുട്ട വേവിക്കരുതെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങൾക്കെല്ലാം ഒരു അവസാനം കണ്ടിരിക്കുകയാണ് ശാസ്ത്രലോകം. മുട്ട എങ്ങനെയാണ് വേവിക്കേണ്ടത് എ് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
ഇറ്റലിയിലെ നേപ്പിൾസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നത്. വ്യത്യസ്ത താപനിലയിലുള്ള വെള്ളത്തിൽ മുട്ട മുക്കിവച്ചാൽ കൃത്യമായി വേവിച്ചെടുക്കാം എന്നാണ് ഇവരുടെ കണ്ടെത്തൽ.
ഒരു പാത്രത്തിൽ 100 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള വെള്ളവും, രണ്ടാമത്തെ പാത്രത്തിൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള വെള്ളവും എടുക്കുക. ഇതിന് ശേഷം മുട്ട ആദ്യത്തെ പാത്രത്തിൽ രണ്ട് മിനിറ്റ് നേരം മുക്കിവയ്ക്കുക. ഇതിന് ശേഷം രണ്ടാമത്തെ പാത്രത്തിലെ ഇളംചൂട് വെള്ളത്തിൽ രണ്ട് മിനിറ്റ് നേരവും ഇട്ടുവയ്ക്കുക. ഇങ്ങനെ തുടർച്ചയായി എട്ട് തവണ (32 മിനിറ്റ്) ചെയ്താൽ നന്നായി പാകം ചെയ്ത മുട്ട ലഭിക്കും എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
സാധാരണ മുട്ട വേവിക്കുന്നതിനെക്കാൾ നല്ല രീതി ഇതാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. വെള്ളത്തിലിട്ട് വേവിക്കുമ്പോൾ മുട്ടയുടെ വെള്ള റബ്ബർ പോലെ ആകുകയോ, അല്ലെങ്കിൽ മുട്ടയുടെ ഉണ്ണി വേവാതെ വരുകയോ ചെയ്യാം. എന്നാൽ ഈ രീതിയിൽ മുട്ട വേവിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ലെന്നാണ് ഗവേഷകർ പറയുന്നത്.
Discussion about this post