ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്ലൻഡിന്റെ പോരാട്ടം 205 റൺസിൽ അവസാനിച്ചു. സ്പിന്നർ വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ന്യൂസ്ലൻഡിനെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റിന് 249 റൺസാണെടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ശ്രേയസ് അയ്യർ നേടിയ 79 റൺസും അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്തി ഹാർദിക് പാണ്ഡ്യ നേടിയ 45 റൺസുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അക്സർ പട്ടേൽ 42 റൺസെടുത്തു. ന്യൂസ്ലൻഡിനു വേണ്ടി മാറ്റ് ഹെൻറി 5 വിക്കറ്റുകൾ നേടി. ന്യൂസ്ലൻഡിന്റെ മികച്ച ഫീൽഡിംഗും കൃത്യമായ ബൗളിംഗ് മാറ്റങ്ങളുമാണ് വലിയ സ്കോർ നേടുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസ്ലൻഡിന് നാലാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ രചിൻ രവീന്ദ്രയെ ഉഗ്രനൊരു ക്യാച്ചിലൂടെ അക്സർ പട്ടേൽ പുറത്താക്കി. വിൽ യംഗും കെയ്ൻ വില്യംസണും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി മുന്നേറുന്നതിനിടയിലാണ് വരുൺ ചക്രവർത്തിയുടെ ഉജ്ജ്വലമായൊരു പന്തിൽ യംഗ് പുറത്തായത്. ഡാരിൽ മിച്ചൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി.
ടോം ലാതത്തെ ജഡേജയും ഗ്ലെൻ ഫിലിപ്പിനെ വരുൺ ചക്രവർത്തിയും പുറത്താക്കിയതോടെ ന്യൂസ്ലൻഡ് പരുങ്ങലിലായി. തന്റെ അടുത്ത ഓവറിൽ മൈക്കൽ ബ്രേസ്വെല്ലിനേയും വരുൺ പുറത്താക്കിയതോടെ ഒരു വശത്ത് ഉറച്ച് നിന്ന വില്യംസൺ സമ്മർദ്ദത്തിലായി. റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ അക്സർ പട്ടേലിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങിയ വില്യംസണു പിഴച്ചു. പന്ത് കയ്യിലൊതുക്കിയ കെ. എൽ രാഹുലിനു പിഴച്ചില്ല. ന്യൂസ്ലൻഡ് 7 വിക്കറ്റിന് 169.
ക്യാപ്ടൻ സാന്റനർ കൂറ്റനടികൾക്ക് ശ്രമിച്ചെങ്കിലും വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി. മാറ്റ് ഹെന്റ്രി വരുണിന്റെ പന്തിൽ തന്നെ കോഹ്ലിക്ക് പിടി കൊടുത്തു. കുൽദീപ് യാദവിന്റെ പന്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്ന വിൽ ഓ റൂർക്കി ബൗൾഡായതോടെ ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ വിജയം.
10 ഓവറിൽ 42 റൺസ് വഴങ്ങി 5 വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ മാച്ച്. മാർച്ച് 4 ന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
Discussion about this post