നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2024. ഒട്ടനേകം പുതിയ താരങ്ങളും കഴിഞ്ഞവർഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ 2024 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമാതാരങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഫോർബ്സ്. കഴിഞ്ഞവർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസൺ എന്ന ആരാധകരുടെ സ്വന്തം ദി റോക്കിനാണ്. 88 മില്യൺ ഡോളർ ആയിരുന്നു 2024ലെ റോക്കിന്റെ വരുമാനം. ഇതോടെ ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് ഡ്വെയ്ൻ ജോൺസൺ.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി റോക്ക് മാറുന്നത് ഇത് ആദ്യമായല്ല. ഫോർബ്സ് പട്ടികയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി റോക്ക് മാറുന്നത്. 2016 ൽ ആണ് ആദ്യമായി റോക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നത്. 64.5 മില്യൺ ഡോളർ ആയിരുന്നു ആ വർഷം അദ്ദേഹം പ്രതിഫലമായി നേടിയിരുന്നത്. പിന്നീട് 2019, 2020, 2021 എന്നീ വർഷങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം റോക്ക് ഒന്നാം സ്ഥാനത്ത് തുടർന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇതാ റോക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
‘റെഡ് വൺ’, ‘മോണ 2’ എന്നീ ചിത്രങ്ങളായിരുന്നു 2024 ൽ ഡ്വെയ്ൻ ജോൺസണിന്റേതായി പുറത്തിറങ്ങിയിരുന്നത്. ജെയ്ക്ക് കാസ്ഡാൻ സംവിധാനം ചെയ്ത റെഡ് വൺ ഒരു ക്രിസ്മസ് ആക്ഷൻ കോമഡി ചിത്രമായിരുന്നു. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രം നേടിയത്. വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോസ് നിർമ്മിച്ച ആനിമേറ്റഡ് മ്യൂസിക്കൽ അഡ്വഞ്ചർ ചിത്രമായ മോണ 2-ൽ മൗയിക്ക് ശബ്ദം പകർന്നത് ഡ്വെയ്ൻ ജോൺസൺ ആയിരുന്നു.
ഒരു പ്രൊഫഷണൽ ഗുസ്തിക്കാരൻ എന്ന നിലയിൽ ശ്രദ്ധേയനായ ഡ്വെയ്ൻ ജോൺസൺ ഗോദയിലെ തന്റെ വിളിപ്പേരായ ദി റോക്ക് എന്ന പേരിലാണ് ഇപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. വേൾഡ് റെസ്ലിംഗ് ഫെഡറേഷന്റെ വളർച്ചയിൽ തന്നെ അവിഭാജ്യ ഘടകമായിരുന്ന ഗുസ്തി താരം ആണ് റോക്ക്. എട്ടുവർഷം നീണ്ടുനിന്ന ഡബ്ലിയു.ഡബ്ലിയു.ഇ ഗുസ്തി ഷോകൾക്ക് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. അമേരിക്കയിൽ പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് 52 വയസ്സുകാരനായ റോക്ക്. 2001-ൽ പുറത്തിറങ്ങിയ ദി മമ്മി റിട്ടേൺസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിൽ തുടക്കം കുറിച്ചത്. ഫാസ്റ്റ് & ഫ്യൂരിയസ് സീരീസുകളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം വലിയ വാണിജ്യ വിജയങ്ങൾ സ്വന്തമാക്കി തുടങ്ങിയത്. ഇപ്പോഴിതാ അഞ്ചു തവണയായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായും റോക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടികയിൽ 85 മില്യൺ ഡോളർ വരുമാനവുമായി കനേഡിയൻ-അമേരിക്കൻ നടനും നിർമാതാവുമായ റയാൻ റെയ്നോൾഡ്സ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഡെഡ്പൂൾ സീരീസുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് ഈ സീരീസിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡെഡ്പൂൾ ആൻഡ് വോൾവറിൻ എന്ന ചിത്രമാണ് വലിയ പ്രതിഫലം നേടിക്കൊടുത്തത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് റയാൻ റെയ്നോൾഡ്സ്. ഫോർബ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് അമേരിക്കൻ ഹാസ്യതാരവും നടനുമായ കെവിൻ ഹാർട്ട് ആണ്. 81 മില്യൺ ഡോളറാണ് 2024ലെ കെവിൻ ഹാർട്ടിന്റെ വരുമാനം. 60 മില്യൺ ഡോളറുമായി ജെറി സീൻഫെൽഡ് ആണ് നാലാം സ്ഥാനത്ത് ഉള്ളത്. ഹാസ്യനടനും സംവിധായകനും കൂടിയാണ് ജെറി സീൻഫെൽഡ്. 2024ൽ പുറത്തിറങ്ങിയ അൺഫ്രോസ്റ്റഡ് എന്ന ചിത്രത്തിൽ അദ്ദേഹം നിർമ്മാതാവായും സംവിധായകനായും അഭിനേതാവായും പ്രവർത്തിച്ചിരുന്നു. ഡെഡ്പൂൾ & വോൾവറിൻ നടൻ ഹ്യൂ ജാക്ക്മാൻ ആണ് 50 മില്യൺ ഡോളർ വരുമാനവുമായി ഫോർബ്സ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത്.
Discussion about this post