കണ്ണൂര്‍: ചാമ്പാടിനടുത്ത് പടുവിലായിലെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ഇരുനിലകെട്ടിടം തീയിട്ടു നശിപ്പിച്ച നിലയില്‍. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഓഫീസിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, നേതാക്കളുടെ ഫോട്ടോ എന്നിവയും കത്തിനശിച്ചു. കൂത്തുപറമ്പ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കൂത്തുപറമ്പ് എസ്ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍മടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാമ്പാട്, അഞ്ചരക്കണ്ടി മേഖലകളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി ആദ്യമായി മണ്ഡലത്തിലെത്തുന്ന പിണറായി വിജയന് അണികള്‍ നല്‍കുന്നത് എതിര് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും വീടുകളും തകര്ത്തുകൊണ്ടാണെന്നു ബിജെപി ധര്‍മടം നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി കെ.പി. ഹരീഷ് ബാബു ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സിപിഎം നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post