ന്യൂഡൽഹി; ക്യാഷ് ലോണുകളുടെ പരിധി കർശനമായി പാലിക്കാൻ ബാങ്കിംഗ് ഇതരധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് റിസർവ്വ് ബാങ്ക്. സ്വർണ പണയ വായ്പയുടെ കാര്യത്തിൽ ചില കർശന നിയന്ത്രങ്ങൾക്കാണ് കേന്ദ്ര ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ എത്ര തുക ആണെങ്കിലും ഉപയോക്താക്കളുടെ ആവശ്യാനുസരണം പണം കൈയിൽ തന്നെ നൽകാറാണ് പതിവ്.
എൻബിഎഫ്സികൾക്കുള്ള കത്തിൽ, ഒരു എൻബിഎഫ്സിയും 20,000 രൂപയിൽ കൂടുതൽ വായ്പ തുക പണമായി വിതരണം ചെയ്യരുത് എന്നാണ് ആർബിഐ പറഞ്ഞിരിക്കുന്നത്. 1961 ലെ ആദായനികുതി നിയമത്തിലെ 269എസ്എസ് വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിക്കും എൻബിഎഫ്സികളിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ വായ്പ തുക പണമായി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഐഐഎഫ്എൽ ഫിനാൻസിന്റെ സ്വർണ്ണ വായ്പകൾ അതിന്റെ മൊത്ത വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ്. സ്വർണ്ണത്തിന്റെ പരിശുദ്ധിയും തൂക്കവും സംബന്ധിച്ച അപര്യാപ്തമായ പരിശോധനകൾ, ക്യാഷ് ലോണുകളുടെ നിയമപരമായ പരിധികളുടെ ലംഘനം, സ്റ്റാൻഡേർഡ് ലേല പ്രക്രിയകളിൽ നിന്നുള്ള വ്യതിയാനങ്ങൾ, ഉപഭോക്തൃ അക്കൗണ്ട് ചാർജുകളിൽ സുതാര്യതയില്ലായ്മ എന്നിവയാണ് ആർബിഐ ചൂണ്ടിക്കാണിച്ച വീഴ്ചകൾ
എന്നാൽ ഇക്കാര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നതാണ് യാഥാർഥ്യം. കാരണം ഇപ്പോഴും സാധാരണ നിലയിൽ തന്നെ 20000 രൂപയ്ക്ക് മുകളിലുള്ള വലിയ തുക നിങ്ങൾക്ക് സ്വർണം പണയം വച്ചാൽ കിട്ടും. എന്നാൽ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാത്രമേ കൈമാറൂ എന്നതാണ് നിയമം. എല്ലാ വായ്പകൾക്കും ഈ പരിധി ബാധകം ആണെങ്കിലും ഏറ്റവും കൂടുതൽ തീരുമാനം ബാധിക്കുക സ്വർണ പണയ വായ്പകൾക്ക് തന്നെയാവും. പ്രത്യേകിച്ചും ഇത്തരം വായ്പകൾ കൂടുതലായി ആശ്രയിക്കുന്നത് അത്യവശ്യക്കാർ ആയതിനാൽ അവർ പലപ്പോഴും തുക പണമായി നേരിട്ട് കൈയിൽ കൈപ്പറ്റാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സ്ഥാപനങ്ങൾ സൗകര്യം ചെയ്തു കൊടുക്കാറുമുണ്ട്. എന്നാൽ ഇനി അത് വേണ്ടെന്ന് സൂചനയാണ് ആർബിഐ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത്.
Discussion about this post