80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് കേന്ദ്ര ഭരണം നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുപിയിൽ നടത്തിയ വൻ മുന്നേറ്റമാണ് കേന്ദ്രത്തിൽ ഭരണം പിടിക്കാൻ ബിജെപിക്ക് ശക്തി പകർന്നത്. ഇത്തവണ യുപിയിലെ പ്രധാന മത്സരം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും എസ്പിയും കോൺഗ്രസും അടങ്ങുന്ന ഇൻഡി സഖ്യവും തമ്മിലാണ്. പഴയ പ്രഭാവമില്ലെങ്കിലും 79 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി മായാവതിയുടെ ബിഎസ്പി മത്സരരംഗത്ത് സജീവമാണ്.
ബിഎസ്പിയുടെ സാന്നിധ്യം ഇൻഡി സഖ്യത്തിന്റെ സാധ്യതകളെ വലിയ തോതിൽ ഉലയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ മുസ്ലിം വോട്ടുകളിൽ ബിഎസ്പി ഉണ്ടാക്കുന്ന വിളളലുകൾ ബിജെപിക്ക് സംസ്ഥാന വ്യാപകമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ഉത്തർപ്രദേശിലെ ജനസംഖ്യയിൽ ഏതാണ്ട് 20 ശതമാനത്തിനടുത്ത് മുസ്ലീങ്ങളാണ്. വോട്ടുബാങ്ക് എന്ന നിലയിൽ മുസ്ലിം-യാദവ കൂട്ടുകെട്ടിനെ ആശ്രയിക്കുന്ന പാർട്ടിയാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി. എന്നാൽ, ഇത്തവണ കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തി ബിഎസ്പി സമാജ് വാദി പാർട്ടിക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുപിയിൽ ബിഎസ്പി രംഗത്തിറക്കിയ 79 സ്ഥാനാർത്ഥികളിൽ 20 പേർ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ഉത്തർപ്രദേശിൽ ബിഎസ്പി നിർത്തിയ സ്ഥാനാർത്ഥികളിൽ 25 ശതമാനം പേർ മുസ്ലിം സമുദായത്തിൽ നിന്നാണെന്ന് ചുരുക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മികച്ച മത്സരം കാഴ്ചവെക്കാൻ ശ്രമിക്കുന്ന ഇൻഡി സഖ്യത്തിന് മായാവതിയുടെ നീക്കം കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മുസ്ലിങ്ങളുടെ മൊത്തം സംരക്ഷകർ എന്ന് അവകാശപ്പെടുന്ന അഖിലേഷ് യാദവിന്റെ എസ്പി യുപിയിൽ ഇത്തവണ വെറും നാല് മുസ്ലീം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. പരമ്പരാഗത സ്വാധീന കേന്ദ്രങ്ങൾക്ക് പുറമെ നിന്ന് വോട്ടുകൾ ആകർഷിക്കുക എന്ന തന്ത്രം മുൻ നിർത്തിയായിരുന്നു അഖിലേഷിന്റെ ഈ നീക്കം.
എസ്പിയുടെ സ്ഥാനാർത്ഥികളിൽ മുസ്ലീങ്ങൾക്ക് പുറമെ യാദവർക്കും ഇത്തവണ പ്രതിനിധ്യം കുറവാണ്. യാദവ വിഭാഗത്തിൽ നിന്ന് കേവലം 5 പേർക്കാണ് സമാജ് വാദി പാർട്ടിയുടെ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവുമാണെന്നതാണ് ശ്രദ്ധേയം.
പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണയാണ് മായാവതിയുടെ പ്രധാന ശക്തി. സ്വന്തം സമുദായമായ ജാദവിനൊപ്പം മറ്റ് പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണയും ബിഎസ്പിക്ക് ലഭിക്കാറുണ്ട്. ഇത്തവണ കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയത് വഴി പല മണ്ഡലങ്ങളിലും കടുത്ത മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് മായാവതിയുടെ കണക്കുകൂട്ടൽ.
എന്നാൽ, മായാവതിയുടെ നീക്കങ്ങൾ ഉത്തർപ്രദേശിൽ ബിജെപിയെ സഹായിക്കാനാണെന്നാണ് എസ്പിയും കോൺഗ്രസും ആരോപിക്കുന്നത്. ഇൻഡി സഖ്യത്തിന്റെ പ്രധാന പ്രതീക്ഷയായ മുസ്ലീം വോട്ടുബാങ്ക് വിഭജിച്ചാൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്ന കാര്യത്തിൽ സംശയമില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കുക എന്ന ലക്ഷ്യം മുൻനിർത്തി എസ്പിയും ബിഎസ്പിയും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാൽ, കടുത്ത ശത്രുത പുലർത്തിയിരുന്ന ഇരുകക്ഷികളും തമ്മിലുള്ള വോട്ടു കൈമാറ്റം പ്രതീക്ഷിച്ച പോലെ സംഭവിച്ചിരുന്നില്ല. താഴെ തട്ടിൽ പ്രവർത്തകർ തമ്മിലുള്ള ഏകോപനം നടക്കാത്തതാണ് സഖ്യത്തിന് തിരിച്ചടിയായത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിൽ 64ലും ജയിച്ചത് എൻഡിഎയായിരുന്നു. ബിജെപി മാത്രം 62 സീറ്റുകൾ സ്വന്തമാക്കി. ബിഎസ്പി 10 സീറ്റിലും എസ്പി 5 സീറ്റിലുമാണ് വിജയിച്ചത്. ആർഎൽഡിക്കൊപ്പം മത്സരിച്ച കോൺഗ്രസിനാകട്ടെ ഒറ്റ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതും പാർട്ടിക്ക് ഗുണം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വലിയ ജനപ്രീതി യുപിയിൽ അനുകൂല തരംഗം സമ്മാനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എസ്പിയിൽ നിന്ന് മുസ്ലീം വോട്ടുകളിൽ ഒരു വിഭാഗത്തെ ബിഎസ്പി അടർത്തി മാറ്റിയാൽ ബിജെപിക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും. ഇത്തവണ യുപിയിൽ 70ലധികം സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. 2014ൽ ഉത്തർപ്രദേശിലെ 80ൽ 73 സീറ്റുകളും നേടി എൻഡിഎ സംസ്ഥാനം തൂത്തുവാരിയിരുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ നിർണായക സംസ്ഥാനത്ത് സമാനമായ പ്രകടനമാണ് ബിജെപി ഇക്കുറി ഉന്നംവയ്ക്കുന്നത്.
Discussion about this post