ഇസ്ലാമാബാദ്: സ്വന്തം രാജ്യത്ത് തന്നെ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ തീവ്രവാദിയാണെന്ന് മുന്‍ പാകിസ്ഥാന് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. ഒരു പാക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
മസൂദ് അസര്‍ അടക്കം 5100 ഭീകരരുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം പാകിസ്താന് മരവിപ്പിച്ചിരുന്നു. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി. പാക് ആഭ്യന്തരമന്ത്രാലത്തിന്റെ നിര്‍ദേശമനുസരിച്ച് 40 കോടിയോളം രൂപയാണ് മരവിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മുഷറഫ് മസൂദ് അസറിനെ തള്ളിപ്പപറഞ്ഞ് രംഗത്തെത്തിയത്.
എന്നാല്‍ യു.എന്നിന്റെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ അസറിനെ ഉള്‍പ്പെടുത്താന്‍ എന്തുകൊണ്ട് പാകിസ്ഥാന് ചൈനയുടെ സഹായം തേടുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. അസറിനെ കൊണ്ട് ഒരു ഉപയോഗവും ഇല്ലാത്ത ചൈന എന്തിന് അതില്‍ തലയിടണം എന്നായിരുന്നു മുഷറഫിന്റെ പ്രതികരണം. അസര്‍ ഭീകരനാണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇല്ലെന്ന് കാട്ടിയാണ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന തടസപ്പെടുത്തുന്നത്.
ഇന്നലെ പാകിസ്ഥാന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്ത വിഷയത്തില്‍ നിന്നും ആദ്യം ഒഴിഞ്ഞുമാറിയ മുഷറഫ് അത്തരം സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞു. നവാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനും മുഷറഫ് മറന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പാക് സര്‍ക്കാരിന് നയതന്ത്ര പരാജയം സംഭവിച്ചു. സൈന്യം അധികാരത്തിലിരുന്ന സമയം രാജ്യം പുരോഗതിയിലായിരുന്നു മുഷറഫ് പറഞ്ഞു.
Discussion about this post