ഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പടക്കങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി. ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്ക്കുന്നതില് മുമ്പും നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും പൂര്‍ണ നിരോധനം സുപ്രീംകോടതി ഇന്ന് ഏര്‍പ്പെടുത്തുകയായിരുന്നു. നേരത്ത ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്ക്കാന് അനുമതി നല്‍കിയിരുന്നു. ദിവാലി ആഘോഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് നേരിട്ട കനത്ത് വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ പുതിയ വിധി.
ഇനി മുതല്‍ പടക്ക വ്യാപാരങ്ങള്‍ക്ക് പുതിയ ലൈസന്‍സുകള്‍ നല്‍കരുതെന്നും, നിലവിലെ നല്‍കിയിരിക്കുന്ന ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. തലസ്ഥാനത്ത് താത്കാലികമായെങ്കിലും പടക്കങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
നേരത്ത, വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ അലംഭാവം കാണിച്ച രാജസ്ഥാന്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കടുത്ത വിമര്‍ശനം ഏറ്റിരുന്നു. ദില്ലി നേരിടുന്ന മലിനീകരണ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിനൊപ്പം, നാല് സംസ്ഥാന സര്‍ക്കാരുകളെയും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചത്. മലിനീകരണം നിയന്ത്രിക്കുന്നതിനായി ദില്ലിക്കൊപ്പം, രാജസ്ഥാന്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post