കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ അടിച്ചൊതുക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താന്റെ സ്‌കോർ 149 റൺസിലൊതുങ്ങി. പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ (55 പന്തിൽ നിന്ന് 68) ക്യാപ്റ്റൻ ബിസ്മ മറൂഫും 23 പന്തിൽ നിന്ന് 43 റൺസെടുത്ത അയേഷ നസീമുമാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവ് രണ്ട് വിക്കറ്റുകളും പൂജ വസ്ത്രാക്കർ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ജമീമ റോഡ്രിഗസിന്റെ അർദ്ധസെഞ്ച്വറിയുടെയും പുറത്താകാതെ റിച്ച ഘോഷ് നേടിയ 33 റൺസിന്റെയും ബലത്തിൽ ആറ് പന്തുകൾ അവശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
റോഡ്രിഗസ് ആണ് പ്ലെയർ ഓഫ് ദ മാച്ച്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇറങ്ങിയ യസ്തിക ഭാട്ടിയ 17, സഫാലി വർമ 33, നാലാമതായി ഇറങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 എന്നിവരുടെ സ്‌കോറുകളും ഇന്ത്യയുടെ വിജയം അനായാസമാക്കി.








