ലണ്ടൻ: ബിബിസി ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. ബിബിസി ചിലപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന സ്ഥാപനമാവാം. പക്ഷേ എല്ലാ സംഘടനകളും ഇന്ത്യയിലെ നിയമം അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖാലിസ്ഥാനി പ്രശ്നത്തെക്കുറിച്ചും അവർ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അനധികൃതമായി പ്രവേശിച്ച് ദേശീയ പതാക വലിച്ചുകീറിയതിനെക്കുറിച്ചും സംസാരിച്ച അദ്ദേഹം ‘അത് തീർത്തും ശരിയല്ലായിരുന്നുവെന്ന് അത് ‘തീവ്രവാദ പ്രവർത്തനമായിരുന്നുവെന്നും പറഞ്ഞു.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ ഇത്തരം കുരുക്കൾ ഉണ്ടാവാൻ അനുവദിക്കരുതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ എടുത്തുപറഞ്ഞു. ചൈന ആഗോളദാരിദ്ര്യം കുറയ്ക്കാൻ വലിയ പങ്കുവഹിച്ചെങ്കിലും ചൈനയുടെ സ്വേച്ഛധിപത്യ സംവിധാനവും സൈനികവൽക്കരണവും പെരുമാറ്റവും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ പരിശോധന നടത്തിയ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തിരുന്നു. പിന്നാലെ വിദേശനാണ്യ ലംഘനത്തിന് ഫെമ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരം കമ്പനി എക്സിക്യൂട്ടീവുകളുടെ പക്കൽ നിന്നും മൊഴിയെടുക്കണമെന്നും കമ്പനി നടത്തിയ വിദേശ നിക്ഷേപങ്ങളെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ബിബിസി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന വരുമാനവും ലാഭവും അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ആനുപാതികമല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും ഐടി ഡിപ്പാർട്ട്മെന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആരോപിക്കുന്നു.












