കാസര്‍കോട്: കാസര്‍കോട് പടന്നയില്‍ നിന്ന് കാണാതായ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ എന്നാണ് സന്ദേശം.
ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്ഫാഖിന്റെ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്ഫാഖിന്റെ കുടുംബാംഗത്തിന്റെ ഫോണിലാണ് കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്ഫാഖ് ഇടയ്ക്ക് കുടുംബാംഗത്തിന് ടെലഗ്രാം ആപ് വഴി സന്ദേശം അയക്കാറുണ്ടായിരുന്നു.
പടന്നയിലെ 11 പേര്‍ അടക്കം കേരളത്തില്‍ നിന്ന് കാണാതായ ഇരുപതോളം പേര്‍ക്കെതിരെ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം. ഹഫീസുദ്ദീന്‍ 2016 ജൂണ്‍ അഞ്ചിന് മുംബൈ വിമാനത്താവളം വഴി തന്നെ രാജ്യം വിട്ടതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. ഇവര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതായും എന്‍.ഐ.എ നിഗമനത്തിലെത്തിയിരുന്നു.
Discussion about this post