തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗൂണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച് നടക്കുന്ന ചുംബന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. സ്വന്തം വീട്ടികാരെങ്കിലും ചുംബന സമരമെന്ന ഈ പ്രതിഷേധത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. സദാചാര ഗൂണ്ടായിസത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന് അംഗീകാരമുള്ളതാകണമെന്ന് കോടിയേരി വ്യക്തമാക്കി. കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചുംബന സമരം അരങ്ങേറിയ സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ നടത്തിയ സദാചാര ഗൂണ്ടായിസത്തിനെതിരയായിരുന്നു ഇന്നലെ ചുംബന സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി തെരുവ് നാടകങ്ങളും കലാപ്രകടനങ്ങളും നടന്നു.
ചുംബനസമരത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ വന്‍പൊലീസ് സുരക്ഷയാണ് മറൈന്‍ഡ്രൈവില്‍ ഒരുക്കിയിരുന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍ ആഹ്വാനം ചെയ്ത സ്നേഹ ഇരുപ്പ് സമരം, കെഎസ്യു പ്രവര്‍ത്തകരുടെ സദാചാര ചൂരല്‍ സമരം എന്നിവയും മറൈന്‍ഡ്രൈവില്‍ അരങ്ങേറി. തിരുവനന്തപുരത്ത് കനകക്കുന്നിലും കോഴിക്കോട് മാനാഞ്ചിറയിലും പ്രതിഷേധക്കാര്‍ സമാനമായി രീതിയില്‍ ഒത്തുകൂടിയിരുന്നു.
Discussion about this post