തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചു കയറുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിയമ വിദ്യാര്‍ത്ഥിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാലോട് സ്വദേശി ആന്റണി അലക്സാണ്ടറിനെ (22) ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.
പാലോട് ജങ്ഷനടുത്തുള്ള വീടിന് മുന്നില്‍ നില്‍ക്കേ 30 ഓളം പാര്‍ട്ടി പ്രവര്‍ത്തകരെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പാലോട് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. വെട്ടുകത്തി കൊണ്ട് കൈയ്യില്‍ വെട്ടുകയും പിന്‍ഭാഗം കൊണ്ട് തലയ്ക്ക് പിന്നില്‍ അടിയ്ക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴിയും എത്തിയശേഷവും സി.പി.എമ്മിന്റെ പഞ്ചായത്തംഗം ഉള്‍പ്പെടെയെത്തി തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
തുടര്‍ന്ന് ആദ്യം സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്റണിയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മര്‍മ്മഭാഗത്ത് മര്‍ദ്ദനമേറ്റതിനാല്‍ മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇരുകൈകളിലും വെട്ടേറ്റനിലയിലാണ് ഇയാള്‍ ആശുപത്രിയിലുള്ളത്. സി.പി.എമ്മിനും സര്‍ക്കാറിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ഒരു കൊല്ലത്തോളമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ആക്രമണഭീഷണിയുണ്ടായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ എസ്.എഫ്.ഐ വിട്ട് കെ.എസ്.യുവില്‍ ചേര്‍ന്നതുമുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ മൂന്നാംവര്‍ഷ ബി.കോം എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ ആന്റണി പറയുന്നു. അരിക്ക് അടുക്കാന്‍ പറ്റാത്ത വിലയെന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന് കമന്റായി തെറിവിളികള്‍ ഏറെയുണ്ടായിരുന്നു. തുടര്‍ന്ന് മെക്സിക്കന്‍ അപാരത എന്ന സിനിമയ്ക്കെതിരെയും പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് ആന്റണി പറയുന്നു. രണ്ടു ദിവസമായി വിദേശത്തു നിന്നുള്‍പ്പെടെ നിരന്തരം ഫോണിലൂടെ ഭീഷണിയുണ്ട്. നേരിട്ടെത്തി വധഭീഷണി മുഴക്കിയും മുഴക്കിയിരുന്നു. സംഭവം നടന്ന ഇന്നലെത്തന്നെ തിരുവനന്തപുരത്തെത്തിയാല് തീര്‍ത്തുകളയുമെന്ന് ചാക്ക ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയെന്ന പേരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിനുശേഷം പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ആന്റണി പറയുന്നു.
Discussion about this post