ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടുന്നത്. രണ്ട് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന പിടികൂടി.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങളിൽ ആർക്കും പരിക്കില്ല.
പുൽവാമ സ്വദേശികളായ റയീസ് അഹമ്മദ്, റയീസ് അഹമ്മദ് ധർ എന്നിവരാണ് പിടിയിലായത്. ലഷ്‌കർ ഇ ത്വയ്ബയുടെ കശ്മീർ ഘടകമായ ദി റസിസ്റ്റന്റ് ഫ്രണ്ടിൽ പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പിടിയിലായ ഭീകരരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം കുപ്വാരയിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിൽ വൻ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുൽവാമയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി വിവരം ലഭിക്കുന്നത്.
Discussion about this post